പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചെന്ന കാരണത്താൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി. തൃക്കടീരി പി.ടി.എം ഹൈസ്‌കൂളിലെ 14-കാരനായ ആദിഷ് കൃഷ്ണയാണ് പരാതിക്കാരൻ.
അടിയേറ്റ് മുഖം വീർത്ത് കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇതേ അധ്യാപകൻ നേരത്തെയും തന്നെ മർദിച്ചിരുന്നുവെന്നും അന്ന് പ്രധാനാധ്യാപികയ്ക്ക് പരാതി നൽകിയിരുന്നുവെന്നും വിദ്യാർഥി പറഞ്ഞു


സംഭവത്തിന് പിന്നാലെ പിതാവ് മോഹൻ ദാസിനെ വിളിച്ച് അധ്യാപകൻ അടിച്ചെന്നും മുഖം വീങ്ങിയെന്നും കുട്ടി അറിയിച്ചു. തുടർന്ന് സ്‌കൂളിലെത്തിയ തന്നെ അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും പിതാവ് ഉന്നയിച്ചു.
സംഭവത്തിൽ ചെർപ്പുളശേരി പൊലീസിനും ചൈൽഡ് ലൈനിലും പരാതി നൽകിയതായി രക്ഷിതാക്കൾ അറിയിച്ചു. അധ്യാപകനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.


അതേസമയം, പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമേ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്ന് പൊലീസ് അറിയിച്ചു. വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ന് സ്‌കൂളിലേക്ക് മാർച്ച് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *