കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ NHAUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അൽസമാൻ ചിത്രരചനയിലും എഴുത്തിലും മികവ് തെളിയിച്ച് ശ്രദ്ധേയനാകുന്നു. പ്രഗൽഭരായ വ്യക്തികൾ, പക്ഷികൾ, മൃഗങ്ങൾ, പ്രകൃതി ദൃശ്യങ്ങൾ എന്നിവ മനോഹരമായി വരച്ച് തന്റെ കലാപാടവം ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കൻ.

ക്ലാസ് അധ്യാപികമാരായ ആശ എസ്. നായരും ചിന്ത വിനോദും അൽസമാന്റെ കഴിവ് തിരിച്ചറിഞ്ഞ് സ്കൂൾ അസംബ്ലിയിൽ പരിചയപ്പെടുത്തി അഭിനന്ദിച്ചു. തുടർന്ന് സ്കൂൾ പ്രഥമാധ്യാപിക ദീപ യു. നായരുടെ നേതൃത്വത്തിൽ മറ്റ് അധ്യാപകരും വിദ്യാർത്ഥിയെ അനുമോദിച്ചു. അൽസമാന്റെ കഴിവുകൾ കൂടുതൽ വളർത്തുന്നതിനാവശ്യമായ എല്ലാ പ്രോത്സാഹനവും പിന്തുണയും നൽകുമെന്ന് സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, പി.ടി.എ. എന്നിവർ അറിയിച്ചു. സഹപാഠികളുടെയും മികച്ച പിന്തുണ വിദ്യാർത്ഥിക്കുണ്ട്.

കാഞ്ഞിരപ്പള്ളി വലിയപറമ്പ് സ്വദേശികളായ ഷെമീർ–ഷെറീന ദമ്പതികളുടെ മകനാണ് അൽസമാൻ. ചെറുപ്രായത്തിൽ തന്നെ ചിത്രരചനയിലും എഴുത്തിലും പ്രകടിപ്പിക്കുന്ന മികവ് ഭാവിയിൽ വലിയ നേട്ടങ്ങളിലേക്ക് വിദ്യാർത്ഥിയെ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും.


