വിവിധ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. കണ്ണൂർ നഗരസഭയിലെ ഹോട്ടലുകളിൽ ആയിരുന്നു പരിശോധന.

ഇന്ന് രാവിലെ ആറുമണി മുതൽ നടത്തിയ പരിശോധനയിൽ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ അന്നപൂർണ ഹോട്ടലിൽ നിന്ന് പഴകിയ കുറുമക്കറി, ചപ്പാത്തി, കോളിഫ്‌ളവർ, നൂഡിൽസ് എന്നിവ കണ്ടെത്തി. കപ്പാലം ജങ്ഷനിലെ ഹോട്ടൽ വസന്തവിഹാറിൽ നിന്ന് പഴകിയ പൊറോട്ടമാവും, വസന്തവിഹാറിന്റെ തന്നെ മന്തി മഹലിൽ നിന്ന് പഴകിയ കുക്ക്ഡ് ഷവായി, വേവിച്ച ചിക്കൻ, മന്തി റൈസ് എന്നിവയും പിടിച്ചെടുത്തു.ഹൈവേയിലെ ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റോറന്റിൽ നിന്ന് പഴകിയ ചപ്പാത്തിയും കണ്ടെത്തി. ഹോട്ടൽ പാഥേയം, ചിറവക്കിലെ കെഎഫ്‌സി ഔട്ട്‌ലെറ്റ്, മന്നയിലെ റോയൽ ടീസ്റ്റാൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

നേരത്തെ മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്ത നഗരങ്ങളിലൊന്നാണ് തളിപ്പറമ്പ്. സിസിഎം രഞ്ജിത്ത് കുമാർ, സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. ദിലീപ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി. രതീഷ്, കെ.പി. പ്രിയിഷ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.


