തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ കോടിക്കണക്കിന് രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ പാഴായ സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡോ. ഷർമിള മേരി ജോസഫ് ചെയർപേഴ്സണായും ഡോ. രേണു രാജ് കൺവീനറായുമുള്ള സമിതിയാണ് അന്വേഷണം നടത്തുക. നാഷണൽ ഹെൽത്ത് മിഷൻ മാനേജിങ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവർക്കൊപ്പം ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ സാങ്കേതിക വിദഗ്ധരും സമിതിയിലുണ്ട്.

ആരോഗ്യവകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. കോവിഡ് കാലത്ത് വാങ്ങിയവ ഉൾപ്പെടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങൽ, ഉപയോഗം, സംഭരണം എന്നിവ പരിശോധിക്കും. ശുപാർശകൾ ഉൾപ്പെടെയുള്ള റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ സർക്കാരിന്റെ നിർദേശമുണ്ട്.

വയനാട് മെഡിക്കൽ കോളേജിലെ ഗോഡൗണിൽ കോടിക്കണക്കിന് രൂപ വിലവരുന്ന മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കാതെ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് നടപടി. ആറ് മൊബൈൽ മോർച്ചറി യൂണിറ്റുകൾ ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ നശിച്ച നിലയിലായിരുന്നുവെന്നാണ് കണ്ടെത്തൽ.

ഒരു മൊബൈൽ മോർച്ചറി യൂണിറ്റിന് ഏകദേശം 20 ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് കണക്ക്.സംഭവം നേരിൽ പരിശോധിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മെഡിക്കൽ ഉപകരണ വാങ്ങലുകളെല്ലാം പരിശോധിക്കാൻ നിർദേശം നൽകിയിരുന്നു. ആദ്യത്തെയും രണ്ടാമത്തെയും പിണറായി സർക്കാരുകളുടെ കാലത്ത് നടന്ന വാങ്ങലുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You missed