സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കേരളത്തിലെ എല്ലാ 14 ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്. ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.തെലങ്കാന മുതൽ കർണാടക തീരത്തിനടുത്തുള്ള മധ്യ-കിഴക്കൻ അറബിക്കടൽ വരെ സമുദ്രനിരപ്പിൽ നിന്ന് 1.5 മുതൽ 3.1 കിലോമീറ്റർ വരെ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടിട്ടുണ്ട്. മധ്യ ഉത്തരപ്രദേശിന്റെ വടക്കൻ ഭാഗങ്ങൾക്ക് മുകളിലായി നിലനിൽക്കുന്ന ന്യൂനമർദ്ദ മേഖല അടുത്ത 24 മണിക്കൂറിനുള്ളിൽ ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഗുജറാത്ത് തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുണ്ടായിരുന്ന തീരദേശ ന്യൂനമർദ്ദ പാത്തി ഇതിനകം ദുർബലമായിട്ടുണ്ട്.ജൂലൈ 14 വരെ കേരളത്തിലും മാഹിയിലും നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഇടിമിന്നലോടെയും ശക്തമായ കാറ്റോടെയും കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

