കൊച്ചി: എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്തുക്കളായ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിയായ മുജീബാണ് കൊല്ലപ്പെട്ടത്.
മുളന്തുരുത്തിക്ക് സമീപത്തെ പാടശേഖരത്തിലെ ഷെഡിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുജീബ് സ്ഥലത്തെത്തിയതിന് പിന്നാലെ വാക്കേറ്റമുണ്ടാകുകയും, തുടർന്ന് കൈവശമുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ് വീണ മുജീബിനെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ രക്ഷപ്പെട്ടു. പിന്നീട് സമീപവാസികളാണ് മൃതദേഹം കണ്ടെത്തി പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുജീബിനൊപ്പം ജോലി ചെയ്തിരുന്ന മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപുണ്ടായിരുന്ന തർക്കത്തിന്റെ പേരിൽ മുജീബ് പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്നാണ് സംഭവം ഉണ്ടായതെന്നായിരുന്നു പ്രതികളുടെ ആദ്യ മൊഴി. എന്നാൽ മദ്യപാനത്തിനിടെയുണ്ടായ തർക്കമാണോ കൊലപാതകത്തിന് കാരണം എന്നതുൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

