കൊച്ചി: എറണാകുളം ജില്ലയിലെ പറവൂർ നന്ദികുളങ്ങരയിൽ മാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ സഹോദരനും ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. യുവതിയുടെ സഹോദരനായ ജയ്സണും ഭാര്യ റെയിനയും ചേർന്ന് സഹോദരിക്ക് നൽകാനുള്ള ഒരു ലക്ഷം രൂപ ഒഴിവാക്കാനായി വ്യാജ മോഷണനാടകം ഒരുക്കിയതാണെന്ന് പൊലീസ് കണ്ടെത്തി.
സ്വത്ത് വിഭജനവുമായി ബന്ധപ്പെട്ട് ജയ്സൺ സഹോദരിക്ക് ഒരു ലക്ഷം രൂപ നൽകാനുണ്ടായിരുന്നു. ഈ തുക പലതവണ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാല മോഷ്ടിച്ചെന്ന ആരോപണം ഉയർന്നത്. മാല താനെടുത്തിട്ടില്ലെന്ന് യുവതി പറഞ്ഞെങ്കിലും ഇരുവരും അത് അംഗീകരിച്ചില്ല.

പൊലീസിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചതോടെ, സ്റ്റേഷനിലേക്ക് പോകാൻ എത്തിയ സുഹൃത്തിന്റെ മുന്നിൽ വെച്ചാണ് സഹോദരനും ഭാര്യയും ചേർന്ന് യുവതിയെ മർദിച്ചത്. സുഹൃത്ത് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി.

തുടർന്ന് നടത്തിയ പരിശോധനയിൽ മോഷണം പോയതായി പറഞ്ഞ മാല കട്ടിലിനടിയിൽ നിന്ന് കണ്ടെത്തി. എന്നാൽ അത് യഥാർത്ഥ സ്വർണമാലയല്ല, മുക്കുപണ്ടമാണെന്നും, സഹോദരിക്ക് പണം നൽകാതിരിക്കാനായി മനപ്പൂർവം ഒളിപ്പിച്ചതാണെന്നും പൊലീസ് കണ്ടെത്തി.

സംഭവത്തിൽ ജയ്സണും ഭാര്യ റെയിനയുംക്കെതിരെ ആലുവ വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

