പത്തനംതിട്ട: പതിമൂന്നുകാരി നൽകിയ വ്യാജ പീഡനപരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത 20കാരന് മർദനമേറ്റ സംഭവത്തിൽ കൂടൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർക്ക് വീഴ്ചയുണ്ടായതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡിവൈഎസ്പി നടത്തിയ അന്വേഷണ റിപ്പോർട്ട് എസ്‌പിക്ക് സമർപ്പിച്ചു.
യുവാവിനെ കസ്റ്റഡിയിൽ എടുത്തതിൽ വീഴ്ചയില്ലെന്നും, എന്നാൽ പൊലീസ് ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി മർദിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും. സബ് ഇൻസ്‌പെക്ടറും ചില സിവിൽ പൊലീസ് ഓഫീസർമാരും ചേർന്നാണ് മർദിച്ചതെന്ന് യുവാവ് മൊഴി നൽകിയിരുന്നു.

സംഭവത്തിൽ മർദനമേറ്റ യുവാവും ഇതേ കേസിൽ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത കുട്ടികളും ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് ആരോഗ്യനിയന്ത്രണങ്ങളോടെ കഴിയുന്നതിനിടെയാണ് പൊലീസ് ക്രൂരമായി മർദിച്ചതെന്ന് യുവാവ് പരാതിയിൽ പറയുന്നു. ബൂട്ട് കൊണ്ട് ചവിട്ടുകയും ചെവിയിലും തലമുടിയിലും പിടിച്ചുവലിച്ച് മർദിക്കുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നു.

