തൊടുപുഴ: തൊടുപുഴ നഗരസഭയിലെ യുഡിഎഫ് ഭരണസമിതിയിൽ ഭിന്നത മറനീക്കി പുറത്തേക്ക്. നഗരസഭാ അധ്യക്ഷ സാബിറ ജലീലിനെതിരെ സാമ്പത്തിക ക്രമക്കേടും അഴിമതിയും ആരോപിച്ച് ഭരണപക്ഷത്തെ കോൺഗ്രസ്, മുസ്ലിം ലീഗ് കൗൺസിലർമാർ തന്നെ പരസ്യമായി രംഗത്തെത്തി. പദ്ധതി നിർവ്വഹണം ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത പ്രത്യേക കൗൺസിൽ യോഗത്തിലാണ് ഭരണകക്ഷി അംഗങ്ങൾ പരസ്പരം പോരടിക്കുകയും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തത്.
ഗ്രീൻ കേരള എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് നഗരസഭയിൽനിന്ന് ഏഴുലക്ഷം രൂപ കൈമാറിയതിൽ അവ്യക്തതയുണ്ടെന്നും ഇതിൽ ചെയർപേഴ്സന്റെ ഒപ്പുപോലുമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് തർക്കങ്ങൾക്ക് തുടക്കമായത്. എന്ത് ആവശ്യത്തിനാണ് ഇത്രയും വലിയ തുക കൈമാറിയതെന്ന് വ്യക്തമാക്കുന്ന ഒരു ഫയലും നിലവിൽ നഗരസഭാ ഓഫീസിലില്ലെന്ന് മുനിസിപ്പൽ സെക്രട്ടറി യോഗത്തിൽ വെളിപ്പെടുത്തിയതോടെ കൗൺസിൽ ഹാളിൽ വലിയ ബഹളമായി. ഇതിനുപിന്നാലെ നഗരസഭയിലെ ഒരു ജീവനക്കാരി ഔദ്യോഗിക ഫോൺ വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ കൗൺസിലർ വിഷ്ണു രേഖകൾ സഹിതം രംഗത്തെത്തിയത് ഭരണപക്ഷത്തെ കൂടുതൽ പ്രതിരോധത്തിലാക്കി. ആരോപണവിധേയയായ ജീവനക്കാരിക്കെതിരെ കർശന നടപടി വേണമെന്ന് ഒരുവിഭാഗം യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ, നടപടിയെ എതിർത്ത് ഭരണപക്ഷത്തെ മറ്റൊരു വിഭാഗം രംഗത്തെത്തിയത് കയ്യാങ്കളിയുടെ വക്കോളമെത്തി.
ഇതിനുപിന്നാലെയാണ് നഗരസഭാ അധ്യക്ഷ സാബിറ ജലീലിനെതിരെയുള്ള വ്യക്തിപരമായ അഴിമതി ആരോപണം ഉയർന്നത്. നഗരസഭാ അധ്യക്ഷയുടെ ഭർത്താവ് നാല് നിർമ്മാണ കരാറുകാരിൽനിന്നായി വൻതുക കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്ന് കോൺഗ്രസ് കൗൺസിലർ യോഗത്തിൽ തുറന്നടിച്ചു. ഈ ആരോപണത്തെ ഭരണകക്ഷിയിലുള്ള മുസ്ലിം ലീഗിലെ ഒരുവിഭാഗം കൗൺസിലർമാർ പിന്തുണച്ചതോടെ ഭരണസമിതിയിലെ ആഭ്യന്തര വിള്ളൽ പൂർണ്ണമായി മറനീക്കി. എന്നാൽ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും നഗരസഭയിലെയും പാർട്ടിയിലെയും സ്ഥാനമോഹികളായ ചിലരാണ് ഈ വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലെന്നും സാബിറ ജലീൽ തിരിച്ചടിച്ചു.
വലിയ ജനപിന്തുണയോടെ മികച്ച ഭൂരിപക്ഷത്തിൽ ഭരണം പിടിച്ച യുഡിഎഫിന് സ്വന്തം മുന്നണിക്കുള്ളിലെ ഈ ചേരിപ്പോര് തലവേദനയായി മാറിയിരിക്കുകയാണ്. മാസങ്ങളായിട്ടും മുന്നണിയെന്ന നിലയിൽ ഒരുമിച്ചിരുന്ന് നഗരവികസനത്തിന് ആവശ്യമായ സുപ്രധാന തീരുമാനങ്ങളെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് ഭരണസമിതി. നേരത്തെ ചെയർപേഴ്സണും വൈസ് ചെയർമാനും തമ്മിൽ തുടങ്ങിയ തർക്കങ്ങൾ നഗരഭരണത്തെ പൂർണ്ണമായും സ്തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയതോടെ ലീഗ്-കോൺഗ്രസ് ജില്ലാ നേതൃത്വങ്ങൾ പ്രശ്നത്തിൽ നേരിട്ട് ഇടപെട്ട് അനുരഞ്ജന ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

