ഇടുക്കി: ശാന്തൻപാറയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയത് കല്ലോ ഇരുമ്പുപോലുള്ള ആയുധമോ ഉപയോഗിച്ച് തലയ്ക്കടിച്ചാകാമെന്ന് പ്രാഥമിക നിഗമനം. ചേരിയാറിലെ വീട്ടിൽ റാണി കൊല്ലപ്പെട്ട സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. മരണശേഷമാണ് റാണിയുടെ വലതുകൈയുടെ മുട്ടിന് താഴെയുള്ള ഭാഗം മൃഗങ്ങൾ കടിച്ചെടുത്തതെന്നും, ശരീരത്തിൽ ചവിട്ടേറ്റതിനെ തുടർന്ന് വാരിയെല്ലുകൾ ഒടിഞ്ഞതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തലയ്ക്കേറ്റ ഗുരുതരമായ പരുക്കാണ് മരണകാരണം.

വീടിന് സമീപത്തെ നടപ്പാതയിൽ അതിക്രൂരമായി ആക്രമിക്കപ്പെട്ട നിലയിലായിരുന്നു റാണിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ അയൽവാസി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എന്നാൽ കൊലപാതകം നടന്നത് മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചാണോ എന്ന കാര്യത്തിൽ പൊലീസിന് സംശയമുണ്ട്. വീടിന്റെ പിൻഭാഗത്തുനിന്ന് രക്തപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടെവെച്ചാകാം റാണിക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീടിന്റെ പരിസരത്തുനിന്ന് ഏകദേശം 40 മീറ്റർ അകലെ റാണി വീണതാകാനാണ് സാധ്യത. അല്ലെങ്കിൽ ആക്രമികൾ മൃതദേഹം അവിടെ എത്തിച്ച് ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു.

വലതുകൈയുടെ മുട്ടിന് താഴെയുള്ള ഭാഗത്ത് മാംസം പൂർണമായും നഷ്ടപ്പെട്ട നിലയിലായിരുന്നു. കൈയുടെ ഭാഗത്ത് അസ്ഥി തെളിഞ്ഞുനിന്നത് സംഭവത്തിന്റെ ക്രൂരത വർധിപ്പിച്ചു. എന്നാൽ മരണശേഷം മൃഗങ്ങൾ കടിച്ചെടുത്തതാണ് കൈയുടെ ഭാഗം നഷ്ടപ്പെടാൻ കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. മോഷണമോ പീഡനശ്രമമോ നടന്നിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ സമീപത്ത് താമസിച്ചിരുന്ന അതിഥി തൊഴിലാളികളെയും റാണിയുടെ സാമ്പത്തിക ഇടപാടുകളെയും കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.


