ഇടുക്കി: പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പരിസ്ഥിതി ലോല പ്രദേശ (ഇ.എസ്.എ) വിജ്ഞാപനത്തിൽ ഇടുക്കിയിലെ മലയോര കർഷകർക്കും വ്യാപാരികൾക്കും വലിയ ആശ്വാസം പകരുന്ന നിർണ്ണായക ശുപാർശയുമായി സംസ്ഥാന സർക്കാർ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ജൂലൈ 27-ന് പുറത്തിറക്കിയ ഏഴാമത് ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെട്ടിരുന്ന 51 വില്ലേജുകളിൽ 23 എണ്ണത്തെ പൂർണ്ണമായും പട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് ശുപാർശ നൽകി. ഉയർന്ന ജനസാന്ദ്രതയും തീവ്രമായ കാർഷിക, വാണിജ്യ സാന്നിധ്യവും മുൻനിർത്തിയാണ് ഈ മേഖലകളെ ഒഴിവാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്.
ഹൈറേഞ്ചിലെ പ്രധാന നഗര, വാണിജ്യ കേന്ദ്രങ്ങളായ കട്ടപ്പന, നെടുങ്കണ്ടം, രാജാക്കാട് തുടങ്ങിയ പ്രമുഖ വില്ലേജുകൾ ഒഴിവാക്കാൻ നിർദ്ദേശിച്ച 23 എണ്ണത്തിൽ ഉൾപ്പെടുന്നുണ്ട്. വില്ലേജുകൾക്ക് പുറമെ, ഇടുക്കിയിലെ 26 വില്ലേജുകളിലായി 856 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന കാർഡമം ഹിൽ റിസർവ് (സി.എച്ച്.ആർ) പ്രദേശം പൂർണ്ണമായും ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യവും സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുൻപാകെ വീണ്ടും ശക്തമായി ഉന്നയിച്ചിട്ടുണ്ട്. ഇതുവരെ പുറത്തിറങ്ങിയ ഏഴ് കരട് വിജ്ഞാപനങ്ങളിലും ഈ പ്രദേശം ഇ.എസ്.എ പട്ടികയിലായിരുന്നു. സർക്കാരിന്റെ പുതിയ ശുപാർശ താൽക്കാലികമായി ഇടുക്കിയിലെ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതാണെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഫാദർ ജിൻസ് കാരാകാട്ട് പ്രതികരിച്ചു.
അതേസമയം, സംസ്ഥാന സർക്കാർ മുന്നോട്ടുവെച്ച ശുപാർശ പൂർണ്ണമായി കേന്ദ്രം അംഗീകരിച്ചാൽ പോലും ഇടുക്കിയിലെ 28 വില്ലേജുകൾ ഇ.എസ്.എ പട്ടികയിൽത്തന്നെ തുടരും. മൂന്നാർ, അടിമാലി, കുമളി തുടങ്ങിയ പ്രധാന ജനാവാസ, വിനോദസഞ്ചാര കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. നിക്ഷിപ്ത വനമേഖലകളോടും പരിസ്ഥിതി പ്രാധാന്യമുള്ള സംരക്ഷിത വന്യജീവി സങ്കേതങ്ങളോടും തൊട്ടുചേർന്നു കിടക്കുന്ന പ്രദേശങ്ങളാണ് പട്ടികയിൽ തുടർന്നും ഇടംപിടിക്കുന്നത്.
ഇ .എസ്.എ പരിധിയിൽനിന്ന് ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത് ഇതാദ്യമായല്ല. 2024-ൽ ഇടുക്കി, വയനാട് ജില്ലകളിലെ 31 വില്ലേജുകൾ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആ ശുപാർശ തള്ളുകയായിരുന്നു. അതുകൊണ്ടുതന്നെ, ജനങ്ങളുടെ ജീവിതവും കൃഷിയും സംരക്ഷിക്കുന്നതോടൊപ്പം പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം കാത്തുസൂക്ഷിക്കേണ്ട സങ്കീർണ്ണമായ പശ്ചാത്തലത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവും വിദഗ്ദ്ധ സമിതിയും സംസ്ഥാനത്തിന്റെ പുതിയ നിർദ്ദേശത്തിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതിലേക്ക് ഉറ്റുനോക്കുകയാണ് ഇടുക്കിയിലെ മലയോര ജനത.

