കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി തടസ്സങ്ങൾക്ക് പരിഹാരമാകുന്നു. 11 കെ.വി ലൈനുകൾ അണ്ടർഗ്രൗണ്ട് (ഭൂഗർഭ) കേബിളുകളാക്കി മാറ്റുന്ന പദ്ധതിക്ക് ആവശ്യമായ കേബിളുകൾ രാജസ്ഥാനിൽ നിന്നും ഇന്ന് രാവിലെ കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷനിൽ എത്തിച്ചു.


ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പ് മന്ത്രിക്ക് കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വികസന പ്രവർത്തനം നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി കാഞ്ഞിരപ്പള്ളി സബ്സ്റ്റേഷൻ മുതൽ ജനറൽ ആശുപത്രി പടി വരെയുള്ള ഭാഗങ്ങളിലാണ് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുക. കേബിളുകൾ എത്തിയതോടെ പ്രവൃത്തികൾ ഉടൻ തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ അടിക്കടിയുള്ള വൈദ്യുതി മുടക്കത്തിനും വോൾട്ടേജ് ക്ഷാമത്തിനും ശാശ്വത പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *