കണ്ണൂർ: കണ്ണൂരിലെ ജനകീയ പ്രശ്നങ്ങൾ തുറന്നുകാട്ടി സൈബർ ലോകത്ത് ശ്രദ്ധേയനായ വ്ലോഗർ ശിവത്തിൽ അനൂപ് (44) വാഹനാപകടത്തിൽ മരിച്ചു. മയ്യഴിപ്പള്ളി പെരുന്നാൾ ആഘോഷങ്ങൾ ചിത്രീകരിക്കാനായി സ്കൂട്ടറിൽ പോകുന്നതിനിടെ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ അമിതവേഗതയിലെത്തിയ കാറിടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന സഹയാത്രികൻ താണ മൂര്യന്റകത്ത് ഷബീറിന് (36) ഗുരുതരമായി പരിക്കേറ്റു. ഇയാളെ ചാല ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂർ പടന്നപ്പാലം സവിത തിയേറ്ററിന് സമീപം താമസിക്കുന്ന ശിവത്തിൽ അനൂപ് കണ്ണൂർ നഗരത്തിലെ ജനകീയ വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ നേടിയ ഇൻഫ്ലുവൻസറായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പുതിയ മുഴപ്പിലങ്ങാട്–മാഹി ദേശീയപാതയിൽ നടാൽ ഊർപ്പഴശ്ശിക്കാവിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലും അനൂപും ഷബീറും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലും ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും ഫ്ലൈഓവറിന്റെ മുകളിൽ നിന്ന് താഴെയുള്ള സർവീസ് റോഡിലേക്ക് തെറിച്ചുവീണു. ഇതിലൊരാൾ സർവീസ് റോഡിലൂടെ പോകുകയായിരുന്ന മറ്റൊരു ബൈക്കിന്റെ മുകളിലേക്കാണ് പതിച്ചത്
അപകടത്തിന് കാരണമായ കാറോടിച്ച മാഹി സ്വദേശി വി. വിധുകൃഷ്ണയെ (34) എടക്കാട് പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. ഇയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പുതിയ മുഴപ്പിലങ്ങാട്–മാഹി ബൈപ്പാസ് പാതയിൽ അടുത്തകാലത്തായി അപകടങ്ങൾ പതിവാകുകയാണ്. പ്രശസ്ത എഴുത്തുകാരൻ ടികെഡി മുഴപ്പിലങ്ങാട് ഉൾപ്പെടെ മൂന്ന് പേരാണ് മൂന്ന് മാസത്തിനിടെ ഇവിടെ വാഹനമിടിച്ച് മരണമടഞ്ഞത്. അനൂപിന്റെ അപ്രതീക്ഷിത വിയോഗവാർത്തയറിഞ്ഞ് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തുന്നത്

