വിവാഹസൽക്കാരത്തിനിടെ ഐസ്‌ക്രീമിനെച്ചൊല്ലിയ തർക്കം കൂട്ടത്തല്ലിലേക്ക് നീങ്ങി. ബന്ധുക്കളും അതിഥികളും തമ്മിലുണ്ടായ സംഘർഷം കണ്ട് പരിഭ്രാന്തയായ വധു ഓഡിറ്റോറിയത്തിൽ കുഴഞ്ഞുവീണു. കൊല്ലം കൊല്ലൂർവിള പള്ളിമുക്കിലെ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹസൽക്കാരത്തിനിടെയാണ് സംഭവം.

സൽക്കാരത്തിൽ പങ്കെടുത്ത ഒരാൾ ആദ്യമായി ഐസ്‌ക്രീം കഴിച്ച ശേഷം വീണ്ടും ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. എന്നാൽ കൗണ്ടറിലുണ്ടായിരുന്ന വിതരണക്കാരൻ രണ്ടാമതൊരു ഐസ്‌ക്രീം നൽകാൻ തയ്യാറായില്ല. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി സംഭവത്തിൽ ഇടപെട്ട മറ്റ് അതിഥികൾ വിതരണക്കാരനെ അനുകൂലിച്ചും എതിർത്തും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞതോടെ തർക്കം കയ്യാങ്കളിയിലേക്കും പിന്നീട് കൂട്ടത്തല്ലിലേക്കും മാറി.
സംഘർഷം രൂക്ഷമായതോടെ കസേരകളും പ്ലേറ്റുകളും പരസ്പരം എറിഞ്ഞു. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള മറ്റ് അതിഥികൾ ഭയന്ന് ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തേക്ക് ചിതറിയോടി.
കൺമുന്നിൽ നടന്ന സംഘർഷം കണ്ട് പരിഭ്രാന്തയായ വധു കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തെ തുടർന്ന് വിവാഹസൽക്കാരം അലങ്കോലമായി.

