കൽപ്പറ്റ: വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പുഴയിൽ നിന്നാണ് നാലാം ദിനത്തെ തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി.
ബംഗാൾ സ്വദേശി രാഗേഷ് ഗുജെയുടേതാണ് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു.
ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്. ഇതിനായി പ്രദേശം നാല് സോണുകളായി തിരിച്ച് തിരച്ചിൽ തുടരുകയാണ്. സ്നിഫർ ഡോഗുകൾ നൽകിയ സൂചനയെ തുടർന്ന് പാലത്തിന് സമീപം പരിശോധന ശക്തമാക്കി.
മണ്ണിടിച്ചിലിൽ പരിക്കേറ്റ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതിനിടെ, വയനാട് മണ്ണിടിച്ചിൽ സംഭവത്തിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അപകടത്തിന് കാരണം കരാർ കമ്പനിയുടെ വീഴ്ചയാണെന്ന നിലപാടാണ് സർക്കാരിന്റെ റിപ്പോർട്ടിലുള്ളത്.

