കാഞ്ഞിരപ്പള്ളി: ആളില്ലാതിരുന്ന വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് വൻ കവർച്ച. സിസിടിവി ക്യാമറകൾ തുണികൊണ്ട് മൂടിയ ശേഷം നടത്തിയ മോഷണത്തിൽ രണ്ട് പവൻ സ്വർണ്ണവും അരലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. ആനക്കല്ല് പൊന്മല ഭാഗത്ത് താമസിക്കുന്ന പെരുവന്താനം സെന്റ് ആന്റണീസ് കോളേജ് പ്രിൻസിപ്പൽ കല്ലമ്പളളി ഡോ. ആന്റണി ജോസഫിന്റെ (ലാലിച്ചൻ) വീട്ടിലാണ് മോഷണം നടന്നത്.

ആന്റണിയും കുടുംബവും കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവിനു പോയിരിക്കുകയായിരുന്നു. ആയതിനാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. വളരെ ആസൂത്രിതമായാണ് മോഷ്ടാക്കൾ കവർച്ച നടത്തിയത്, വീടിന്റെ ചുറ്റുമായി സ്ഥാപിച്ചിട്ടുള്ള 6 സിസിടിവി ക്യാമറകളും വീടിന്റെ പരിസരത്തു കിടന്ന തുണികൾ ഉപയോഗിച്ച് മോഷ്ടാക്കൾ മറച്ചു.

തുടർന്ന് വീടിന്റെ പിന്നിലുണ്ടായിരുന്ന പണി ആയുധങ്ങൾ ഉപയോഗിച്ചാണ് സംഘം മുൻവാതിൽ കുത്തിത്തുറന്ന് അകത്ത് കടന്നത്. വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന അമ്പതിനായിരത്തോളം രൂപയും രണ്ട് പവന്റെ സ്വർണ്ണാഭരണങ്ങളുമാണ് അപഹരിച്ചത്. സംഭവം പ്രദേശത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.


