കാലാവധി കഴിഞ്ഞ ഡെബിറ്റ് കാർഡ് യഥാസമയം പുതുക്കി നല്‍കാത്തതിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവും പലിശ സഹിതം നല്‍കാൻ ഉത്തരവ്. തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍റേതാണ് വിധി.
2022 ജൂണില്‍ കാലാവധി തീർന്ന ഡെബിറ്റ് കാർഡിന് പകരം പുതിയ ഡെബിറ്റ് കാർഡ് യഥാസമയം നല്‍കാത്തതിനെതിരെ എസ്ബിഐ ഇടപാടുകാരനായ അയ്യന്തോള്‍ സ്വദേശി ജെയിംസ് മുട്ടിക്കല്‍ ആണ് പരാതി നല്‍കിയത്. തൃശൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനില്‍ നല്‍കിയ പരാതിയിലാണ് വിധി.

കാലതാമസത്തിന് 10,000 രൂപയും കോടതി നടപടികള്‍ക്കായി 5,000 രൂപയും കേസ് ഫയല്‍ ചെയ്ത തിയ്യതി മുതല്‍ 9 ശതമാനം പലിശ സഹിതം നല്‍കാൻ കമ്മീഷൻ പ്രസിഡന്റ് സി ടി സാബു, അംഗങ്ങളായ ആർ രാംമോഹൻ, എസ് ശ്രീജ എന്നിവർ ഉത്തരവിട്ടു. യഥാസമയം ഡെബിറ്റ് കാർഡ് ലഭിക്കാഞ്ഞതിനാല്‍ വലിയ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നതിനാലാണ് പരാതി നല്‍കിയതെന്ന് ജെയിംസ് മുട്ടിക്കല്‍ വാദിച്ചു. അദ്ദേഹം നേരിട്ടാണ് കേസ് വാദിച്ചത്. ബാങ്കിന് വേണ്ടി നാല് അഭിഭാഷകർ ഹാജരായി.


