പെണ്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം കാറിനുള്ളില്‍ പെട്രോള്‍ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. കര്‍ണാടക തുംകുരുവിലാണ് സംഭവം. ആറ് വര്‍ഷം നീണ്ട പ്രണയം തകര്‍ന്നതാണ് ഇത്തരമൊരു ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 30കാരനായ അങ്കോള സ്വദേശിയായ നാഗേന്ദ്രയാണ് മരിച്ചത്. ബംഗളൂരു – പൂനെ ദേശീയപാതയില്‍ വച്ചായിരുന്നു സംഭവം. വര്‍ഷങ്ങളായി നാഗേന്ദ്ര രമ്യയുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇവര്‍ തമ്മില്‍ അകലുന്ന സാഹചര്യം ഉണ്ടായി. കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോഴാണ് ഇയാളില്‍ നിന്ന് അകന്നതെന്നാണ് രമ്യ നല്‍കിയ മൊഴി. ഇതിന് പിന്നാലെ ഇയാളെ ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു.

ഇന്ന് രാവിലെ രമ്യ താമസിക്കുന്ന സ്ഥലത്ത് എത്തിയ നാഗേന്ദ്ര ഇവരെ ഭീഷണിപ്പെടുത്തി കാറില്‍ കയറ്റുകയായിരുന്നു. ടാക്‌സി കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഇവര്‍ തമ്മില്‍ പരസ്പരം വഴക്കിട്ടു. അതിനിടെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് നാഗേന്ദ്ര യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി കാറില്‍ നിന്ന് പുറത്ത് ചാടുകയായിരുന്നു. തര്‍ക്കം കണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. ഈ സമയം കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത ശേഷം കൈയിലുണ്ടായിരുന്ന പെട്രോള്‍ ബോംബ് പൊട്ടിച്ച് ജീവനൊടുക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തേക്ക് ചാടിയതിനാലാണ് യുവതി രക്ഷപ്പെട്ടത്. പരിക്കേറ്റ യുവതി തുംകുരു ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *