കാഞ്ഞിരപ്പള്ളി: കോട്ടയം–കുമളി ദേശീയപാതയിലെ കാഞ്ഞിരപ്പള്ളി പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം കലുങ്ക് നിർമാണത്തിന് ശേഷം തകർന്ന റോഡ് അടിയന്തരമായി ശാശ്വതമായി പുനരുദ്ധരിക്കണമെന്നാവശ്യപ്പെട്ട് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ചീഫ് എഡിറ്റർ നയന ശശി കേരള മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

കലുങ്ക് നിർമാണത്തിന് ശേഷം നടത്തിയ റീടാറിംഗ് ഗുണനിലവാരക്കുറവ് മൂലം വീണ്ടും തകർന്നതായും മഴക്കാലത്ത് റോഡിൽ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ട് ഇരുചക്ര വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുന്ന സാഹചര്യമാണുള്ളതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

ദേശീയപാതയുടെ ഈ ഭാഗത്ത് അടിയന്തര പരിശോധന നടത്തി, ഉയർന്ന നിലവാരമുള്ള നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് ശാസ്ത്രീയവും ദീർഘകാലം നിലനിൽക്കുന്നതുമായ രീതിയിൽ റോഡ് പുനരുദ്ധരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നും ക്രിട്ടിക്കൽ ടൈംസ് ന്യൂസ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.


