കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന രേണു സുധിയുടെ നില അതീവ ഗുരുതരമെന്ന് അറിയിച്ച് റിയാലിറ്റി ഷോ താരം ശാരിക കെബി. അഞ്ച് കീമോ തെറപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യ നില വഷളായതിനാൽ ഇനിയൊരു കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയാതായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ രേണുവിന്റെ സുഹൃത്ത് കൂടിയായ ശാരിക പറഞ്ഞു.
രേണു സുധി കോട്ടയം മെഡിക്കൽ കോളേജിൽ ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി വിളിച്ച് അറിയിച്ചതായും ശാരിക പറയുന്നു. ‘റിയാലിറ്റി മിക്കപ്പോഴും ഇത്തിരി കയ്പ്പുള്ളതായിരിക്കും. കയ്പ്പുള്ള യാഥാർത്ഥ്യം എനിക്ക് നിങ്ങളോട് പറയേണ്ടി വരികയാണ്’ എന്ന് പറഞ്ഞാണ് ശാരിക രേണുവിന്റെ ആരോഗ്യാവസ്ഥ അറിയിച്ചത്
എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. വളരെ ക്രിട്ടിക്കലാണ്. പ്ലേറ്റ്ലെറ്റസ് കൗണ്ട് വല്ലാതെ കുറഞ്ഞു. ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. ഇന്ന് വൈകുന്നേരമാണ് ഞാൻ അറിഞ്ഞതും എന്നെ വിളിച്ച് പറഞ്ഞതും. പ്രാർഥിക്കണമെന്ന് പറയാൻ വേണ്ടി വിളിച്ചതാണ്. അഞ്ചോളം കീമോകൾ അവൾക്ക് ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും പച്ചവെള്ളം പോലും ഛർദിക്കുന്ന അവസ്ഥയാണ്. നാലാമത്തെ കീമോ വരെ അവൾ പത്ത് ദിവസം കിടന്ന് ചാടിയെഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറുപടി തരുകയും ചെയ്തു. അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞും അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല’.

‘ആഹാരം കഴിക്കാൻ പറ്റില്ല. പിക്ക് ലെെൻ ഇട്ടു. ആഹാരം കഴിക്കുന്നതിന് പകരമുള്ള എന്തോ അവളുടെ ദേഹത്ത് ഘടിപ്പിച്ചിട്ടുണ്ട്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രേണുവിന്റെ ചേച്ചി. അത്രയും വേദന തിന്നുകയാണ് ആ കുട്ടി അവിടെ കിടന്ന്. ഉറപ്പായും അവൾ തിരിച്ച് വരും’ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും ശാരിക പറഞ്ഞു.
ഡോക്ടർ അറിയിച്ചത് ഇനിയൊരു കീമോ രേണു താങ്ങില്ല എന്നാണ്. അത്രയും റിസ്ക് ആശുപത്രി അധികൃതർ എടുക്കില്ലെന്നാണ്. രേണുവിന്റെ കുടുംബത്തിന്റെ പെർമിഷൻ എടുത്ത് തന്നെയാണ് പറയുന്നതെന്നും ശാരിക അറിയിച്ചു. അതേസമയം കാൻസർ മാറി പഴയ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞ ദിവസവും രേണു സുധി പങ്കുവെച്ചത്.


