പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ ന്യായീകരണവുമായി ബിജെപി. മംഗലാപുരം മേഖലയെ പാലക്കാട് നിന്ന് ഒഴിവാക്കുന്നതുകൊണ്ട് റെയിൽവേ വികസനത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി കൃഷ്ണകുമാർ. ആശങ്കയുണ്ടെങ്കിൽ ബേപ്പൂരിൽ പുതിയ പോർട്ട് ആരംഭിച്ച് വരുമാന നഷ്ടം പരിഹരിക്കാൻ കേരളം ശ്രമിക്കണമെന്നും സി കൃഷ്ണകുമാർ പറഞ്ഞു. മംഗലാപുരം പോർട്ടിൽ നിന്ന് റെയിൽവേ വഴിയുള്ള ചരക്ക് നീക്കമാണ് പാലക്കാട് റെയിൽവേ ഡിവിഷന്റെ പ്രധാന വരുമാനം. ഡിവിഷൻ വിഭജനത്തിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നും ഭാവിയിൽ സർവീസുകൾ ഉൾപ്പെടെ കുറയുമെന്നും സംസ്ഥാനം ആശങ്കപ്പെടുന്നതിനിടയിലാണ് ബിജെപിയുടെ ന്യായീകരണം.
ഓഗസ്റ്റ് 21ന് റെയിൽവേ ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, നിലവിൽ ദക്ഷിണ റെയിൽവേയുടെ പാലക്കാട് ഡിവിഷന്റെ പരിധിയിലുള്ള മംഗളൂരു പ്രദേശം ഉളളാൾ ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. ഇതോടെ പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കപ്പെടും. ഒക്ടോബർ ഒന്നുമുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരും. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയിരുന്നു. റെയിൽവേ ബോർഡിന്റെ തീരുമാനം കേരളത്തിന്റെ റെയിൽവേ താൽപര്യങ്ങളെയും യാത്രക്കാരുടെ അവകാശങ്ങളെയും ഗുരുതരമായി ബാധിക്കുന്നതാണെന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നുമാണ് ഇരു മുന്നണികളുടെയും നിലപാട്.
ഡിവിഷൻ വിഭജനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാരുടെ സംഘം കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല സൂചന ലഭിച്ചില്ല. മംഗളൂരുവിനെ മൂന്ന് മേഖലകളായി തിരിച്ചത് പ്രവർത്തനപരമായ പ്രശ്നങ്ങൾ കാരണമാണെന്ന് അശ്വിനി വൈഷ്ണവിൻ്റെ പ്രതികരണം. മംഗളൂരുവിനെ സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ നിലനിർത്തണമെന്നും ഇത് പ്രശ്നപരിഹാരത്തിന് കാരണമാകുമെന്നും അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിരുന്നു. എന്നാൽ ഡിവിഷൻ വിഭജനത്തിന് പിന്നിൽ കേന്ദ്ര റെയിൽവേ സഹമന്ത്രി വി സോമണ്ണയാണെന്നും കേരള ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കർണാടകയ്ക്ക് വേണ്ടി നിലകൊള്ളുകയാണെന്നും ആരോപിച്ച യുഡിഎഫ് എംപിമാർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

