കോട്ടയം: കോട്ടയം ചുങ്കം ഭാഗത്ത് മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. എരുമേലിയിൽ നിന്ന് കാണാതായ കുഴിപ്പാട്ട് പുരയിടം വീട്ടിൽ പ്രവീൺ പ്രിൻസ് ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് കോട്ടയം ചുങ്കം പാലത്തിന് സമീപം മീനച്ചിലാറ്റിൽ യുവാവിന്റെ മൃതദേഹം അടിഞ്ഞത്. തുടർന്ന് നാട്ടുകാർ വിവരം കോട്ടയം വെസ്റ്റ് പൊലീസിലും അഗ്നിരക്ഷാസേനയിലും അറിയിച്ചു.
കോട്ടയം വെസ്റ്റ് എസ്.ഐ. വി.എസ്. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് എരുമേലി സ്വദേശിയായ പ്രവീൺ പ്രിൻസാണെന്ന് തിരിച്ചറിഞ്ഞത്. മൃതദേഹം നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


