കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ. കണ്ണൂർ ഡെന്റൽ കോളേജിന്റെ നടപടി ഉടനുണ്ടാകും. വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി എടുക്കുന്നത്. അതേസമയം നിതിൻ രാജിന്റെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക് കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

വര്‍ഗീയ പരാമര്‍ശം നടത്തുന്ന ഒരു അധ്യാപകനെയും വാഴിക്കാൻ അനുവദിക്കില്ലെന്ന് കെഎസ്‍യു പ്രവർത്തകര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം ക്യാമ്പസിനകത്തേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിച്ച കെഎസ്‍യു പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോളേജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിച്ചിരുന്നു. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്പെൻഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ടായിരുന്നു. പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *