കാഞ്ഞിരപ്പള്ളി: പട്ടണത്തിന്റെ വികസനത്തിന് വേഗംകൂട്ടുന്നതിനും പട്ടണത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി തുടങ്ങിയ പദ്ധതികളാണ് കാഞ്ഞിരപ്പള്ളി ബൈപ്പാസും മിനി ബൈപ്പാസും. എന്നാൽ രണ്ട് പദ്ധതികളും പൂർത്തീകരിച്ച് കാഞ്ഞിരപ്പള്ളിക്കാർക്ക് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. ഈ പദ്ധതികൾ പൂർത്തിയായാൽ പട്ടണത്തിന്റെ മുഖംതന്നെ മാറുമെന്ന് കാര്യത്തിൽ സംശയമില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ രാഷ്ട്രീയ ചർച്ചയായതും മുടങ്ങിക്കിടക്കുന്ന കാഞ്ഞിരപ്പള്ളി ബൈപ്പാസ് വിഷയമായിരുന്നു.

2010-ൽ പ്രാരംഭ ചർച്ചകൾ തുടങ്ങിയ പദ്ധതിയുടെ നിർമാണം ഇന്നും പൂർത്തിയായിട്ടില്ല. സ്ഥലമേറ്റെടുക്കലിന് കേസിലടക്കം കുടുങ്ങിയ ബൈപ്പാസ് നിർമാണം 2024 ഫെബ്രുവരിയിലാണ് ആരംഭിച്ചത്. എന്നാൽ 2025 ജൂണിൽ നിർമാണം സമയബന്ധിതമായി പൂർത്തിയാകാത്തതോടെ കാരാറുകാരനെ നീക്കംചെയ്തതോടെ നിർമാണം മുടങ്ങി. പിന്നീട് റീ ടെൻഡർ ചെയ്താണ് പുതിയ കരാർ നൽകിയത്. തെരുവത്ത് കൺസ്‌ട്രക്ഷൻസാണ് പുതിയ കരാർ ഏറ്റെടുത്തത്. നിർമാണം പുനരാരംഭിക്കുന്നതിനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ‌

ജനുവരിയിൽ നിർമാണം ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും ഇത് വരെ നിർമാണം പുനരാരംഭിച്ചിട്ടില്ല. നിലവിൽ ബൈപ്പാസ് നിർമാണം നിലച്ചിട്ട് പത്ത് മാസം പൂർത്തിയായി. 2025 ഫെബ്രുവരിയിൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിർമാണത്തിൽ കാലതാമസമുണ്ടായതോടെ ഡിസംബർ വരെ സമയം നീട്ടിനൽകി. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ കിഫ്ബി നിർദേശിച്ചപ്രകാരം പൂർത്തിയാകാതെവന്നതോടെയാണ്‌ ആദ്യ കരാറുകാരനെ നീക്കിയത്.

78.69 കോടിരൂപയാണ് പദ്ധതിക്കായി ആകെ ഭരണാനുമതി കിഫ്ബിയിൽനിന്ന് ലഭിച്ചിട്ടുള്ളത്. 24.76 കോടിരൂപയാണ് സ്ഥലമേറ്റെടുക്കലിന് ചെലവായത്. റോഡിനും മേൽപ്പാല നിർമാണത്തിനുമായി 26.17 കോടിരൂപയായിരുന്നു ആദ്യം കണക്കാക്കിയിരുന്നത്. പിന്നീട് പുതുക്കിയ നിരക്ക് പ്രകാരം 35.30 കോടിരൂപയായി എസ്റ്റിമേറ്റ്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു സമീപം ദേശീയപാത 183-ൽ ആരംഭിച്ച് മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും കുറുകേ മേൽപ്പാലം നിർമിച്ച് ടൗൺ ഹാളിന് സമീപത്തുകൂടി ദേശീയപാതയിൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം ചെന്നെത്തുന്നതാണ് നിർദിഷ്ട ബൈപ്പാസ്.

2010-ൽ നിർമാണം ആരംഭിച്ച മിനി ബൈപ്പാസിന്റെ നിർമാണം ഇനിയും പൂർത്തിയാക്കിയിട്ടില്ല. 1.10 കോടി രൂപയോളം ചെലവാക്കിയ മിനി ബൈപ്പാസിനായി ചിറ്റാർ പുഴയോരം കെട്ടിയെടുക്കുക മാത്രമാണുചെയ്തത്. തുടക്കവും ഒടുക്കവും തുറക്കാനുമായിട്ടില്ല. 2016-നുശേഷം മിനി ബൈപ്പാസിന്റെ നിർമാണങ്ങളും നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപ്പഞ്ചായത്തിലും 2026-27 ബജറ്റിൽ മിനി ബൈപ്പാസ് നിർമാണത്തിന് തുക അനുവദിച്ചത് പ്രതീക്ഷ നൽകുന്നതാണ്. മിനി ബൈപ്പാസിന്റെ നിർമാണം വേഗം പൂർത്തിയാക്കിയാൽ ചെറുവാഹനങ്ങൾ കടത്തിവിട്ട് പട്ടണത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.

Leave a Reply

Your email address will not be published. Required fields are marked *