കാഞ്ഞിരപ്പള്ളി: കോട്ടയം–കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിക്ക് മുൻപിൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരുന്നു അപകടം.
കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് പൊൻകുന്നത്തേക്ക് പോവുകയായിരുന്ന എർട്ടിഗ കാർ, എതിർദിശയിൽ പൊൻകുന്നം ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്ന ഒരാൾ റോഡിലേക്ക് തെറിച്ചുവീഴുകയും മറ്റൊരാൾ കാറിന്റെ മുൻവശത്തെ ചില്ലിലേക്ക് തെറിച്ചുവീഴുകയും ചെയ്തു. തുടർന്ന് നിയന്ത്രണംവിട്ട എർട്ടിഗ കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്വിഫ്റ്റ് കാറിലിടിച്ച് നിന്നുവെന്നും ദൃക്സാക്ഷികൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു.

അപകടത്തിൽ എർട്ടിഗ, സ്വിഫ്റ്റ് കാറുകളുടെ മുൻഭാഗങ്ങൾക്കും ബൈക്കിനും സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ കുറച്ചുനേരം ഗതാഗത തടസ്സമുണ്ടായി. വിവരം ലഭിച്ചതിനെ തുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ ഉടൻ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.


