കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ പാർക്കിംങ് ഏരിയയിൽ നിന്നും എട്ടു കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടുക്കി ഉടുമ്പൻഞ്ചോല കട്ടപ്പന കല്ലുകുന്ന് തൈക്കുഴിയിൽ ഹാരീഷ് റഹ്മാനെ (34)യാണ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ രാജേഷ് പി.ജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസപ്ദമായ സംഭവം. മെഡിക്കൽ കോളേജ് ഭാഗത്ത് പെട്രോളിംങ് നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഈ സമയത്താണ് മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ പാർക്കിംങ് ഏരിയയിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചത്. തുടർന്ന്, എക്‌സൈസ് സംഘം സ്ഥലത്ത് എത്തി. കാറിനുള്ളിൽ ബാഗുമായി സംശയാസ്ദമായ സാഹചര്യത്തിൽ യുവാവിനെ കണ്ടെത്തിയ എക്‌സൈസ് സംഘം പരിശോധന നടത്തി. ഇതോടെ നാല് പാഴ്‌സലുകളിലായി എട്ടു കിലോ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരിക്കുകയായിരുന്നു. തുടർന്ന്, ബാഗ് തുറന്ന് പരിശോധിച്ച് കഞ്ചാവ് കണ്ടെത്തി. ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം സുഹൃത്തായ ഇതര സംസ്ഥാനക്കാരനാണ് തനിക്ക് കഞ്ചാവ് എത്തിച്ചു നൽകിയതെന്നു പ്രതി പറഞ്ഞു. പ്രതിയ്ക്ക് മുൻപ് ക്രിമിനൽക്കേസുകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ അരുൺ സി.ദാസ്, ബിനോദ് കെ.ആർ, ബൈജുമോൻ, നൗഷാദ് എം, പ്രിവന്റീവ് ഓഫിസർ നിഫി ജേക്കബ്, ആരോമൽ മോഹൻ, സിവിൽ എക്‌സൈസ് ഓഫിസർ പ്രശോഭ്, ശ്യാം ശശിധരൻ, സുനിൽകുമാർ, വിനോദ്, എക്‌സൈസ് ഡ്രൈവർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *