പാലാ: മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ‘ഓങ്കോ ഇംപാക്ട്–2026’ ദേശീയ സെമിനാർ സംഘടിപ്പിച്ചു. കാൻസർ ചികിത്സാരംഗത്തെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ പങ്കുവയ്ക്കാനും ക്ലിനിക്കൽ അനുഭവങ്ങൾ ചർച്ച ചെയ്യാനും സെമിനാർ വേദിയായി.

കാർ-ടി സെൽ തെറാപ്പി, റോബോട്ടിക് സർജിക്കൽ ഓങ്കോളജി, തെറാനോസ്റ്റിക്സ്, റേഡിയേഷൻ ഓങ്കോളജി, ബ്രെസ്റ്റ് സർജറി, പ്രോസ്റ്റേറ്റ് കാൻസറിനുള്ള അത്യാധുനിക ചികിത്സാരീതികൾ എന്നിവയെക്കുറിച്ചുള്ള വിദഗ്ധ സെഷനുകളും പ്രാരംഭഘട്ട സ്തനാർബുദത്തെക്കുറിച്ചുള്ള ചർച്ചകളും നടന്നു. വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ കാൻസർ ചികിത്സാകേന്ദ്രങ്ങളിൽ നിന്നുള്ള വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ആശുപത്രി മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ റവ. ഫാ. മാത്യു തെക്കേൽ സെമിനാർ ഉദ്ഘാടനം ചെയ്തു. കാൻസറിനെതിരായ അത്യാധുനിക ചികിത്സാരീതികൾ ചർച്ച ചെയ്യുന്നതിനും ലോകോത്തര നിലവാരത്തിലുള്ള ചികിത്സകൾ രോഗികൾക്ക് ലഭ്യമാക്കുന്നതിനും ഇത്തരം സെമിനാറുകൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഓങ്കോസയൻസസ് വിഭാഗം മേധാവി ഡോ. റോണി ബെൻസൺ, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ആന്റോ ബേബി എന്നിവർ പ്രസംഗിച്ചു.


