കോട്ടയം: പടിഞ്ഞാറ് വേമ്പനാട്ടുകായൽ, കിഴക്ക് മലനിരകൾ. ഇതിനിടയിൽ പച്ചപ്പിന്റെ താലവുമേന്തി കോട്ടയം ജില്ല ഇന്ന് 75ലേക്ക് കടക്കുമ്പോൾ വാർദ്ധക്യത്തിൻ്റെ ആലസ്യമില്ല, മറിച്ച് പ്രസരിപ്പ് മാത്രം.

റബർപാലിൽ പള്ളികൊള്ളുന്ന കോട്ടയത്തിന് രാഷ്ടീയത്തിലും സാമൂഹ്യ സാംസ്‌കാരിക രംഗത്തും പാരമ്പര്യമുണ്ട്. ഇന്ത്യയിലെ ആദ്യ പ്രാദേശിക കക്ഷിയായ കേരളാകോൺഗ്രസ് പിറന്നത് ഈ മണ്ണിലാണ്. എൻ.എസ്.എസിൻ്റെയും ഓർത്തഡോക്സ് സഭയുടെയും ആസ്ഥാനം. എഴുത്തുകാരുടെ ഏറ്റവും വലിയ സഹകരണസംഘമായ സാഹിത്യപ്രവർത്തക സഹകരണസംഘം ജന്മമെടുത്തതും ഇവിടെയാണ്. ദക്ഷിണേന്ത്യയിലെ ആദ്യ കലാലയമായ സി.എം.എസ് കോളേജ്, ആദ്യ പ്രസായ സി.എം.എസ് പ്രസ്, ആദ്യ ബൈബിൾ, കോളേജ് മാഗസിൻ എന്നിവ പിറന്നതും കോട്ടയത്താണ്. ഇന്ത്യയിൽ ആദ്യം സമ്പൂർണ സാക്ഷരത സ്വന്തമാക്കിയ ഈ അക്ഷരനഗരിയിലാണ് ശതാബ്ദി പിന്നിട്ട രണ്ടു പത്രങ്ങളുടെആസ്ഥാനം.

അയിത്തത്തിനെതിരെ ഗാന്ധിജിയുടെയും ശ്രീനാരായണ ഗുരുദേവന്റെയും അനുഗ്രഹാശിസുകളോടെ 603 ദിവസം നീണ്ട വൈക്കം സത്യഗ്രഹസമരവും ടി.കെ. മാധവൻ ക്രൂരമർദ്ദനത്തിനിരയായ തിരുവാർപ്പ് സമരം നടന്നതും ഇവിടെതന്നെ .

എന്നും ചരിത്രത്തിലുണ്ടാകും

തിരുവിതാംകൂറിൻ്റെ വടക്കൻ ഡിവിഷൻ ആസ്ഥാനം 1880ൽ ചേർത്തലയിൽ നിന്ന് കോട്ടയത്തേക്ക് മാറ്റിയതും കളക്ടറേറ്റ്, പബ്ലിക് ലൈബ്രറി, തിരുനക്കര മൈതാനം, പൊലീസ് സ്റ്റേഷൻ, കോടതി, ജില്ലാ ആശുപത്രി, കച്ചേരിക്കടവ് ബോട്ട് ജെട്ടി, കെ.കെ.റോഡ് ഉൾപ്പെടെ നിരവധി നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ആധുനിക കോട്ടയം പടുത്തുയർത്തിയതും ടി.മാധവറാവുവാണ്. കേരളത്തിലെ ആദ്യ ജലമേളയായ താഴത്തങ്ങാടി വളുംകളി ആരംഭിച്ചതിന് പിന്നിലും രാമറാവുവിൻ്റെ കൈയൊപ്പുണ്ട്.

എന്നും തലയെടുപ്പോടെ

കടലില്ലാത്ത കോട്ടയത്തെ നാട്ടകത്ത് ഇന്ന് തുറമുഖമുണ്ട്. റബർ ബോർഡ് ആസ്ഥാനം, എം.ജി സർവകലാശാല, വെളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി, നാട്ടകം സിമന്റ്സ്, വലവൂർ ഐ.ഐ.ടി, കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റൂട്ട്, ഐ.ഐ.എം.സി എന്നിവയ്ക്കൊപ്പം ആരോഗ്യ മേഖലയിൽ വലിയ മുന്നേറ്റം നടത്തി കോട്ടയം മെഡിക്കൽ കോളേജും തലയുയർത്തിനിൽക്കുന്നു. ശബരി റെയിൽപാത, എരുമേലി വിമാനത്താവളം എന്നിവ കോട്ടയത്തിന്റെ വികസനസ്വപ്നങ്ങളിൽ ചിലത് മാത്രം.

ടൂറിസത്തിൽ കൈയൊപ്പ് ചാർത്തി

ലോക ടൂറിസ്റ്റ് ഭൂപടത്തിൽ കുമരകവും വാഗമണ്ണും കോട്ടയത്തിൻ്റെ സംഭാവനയാണ്. എരുമേലി, ഭരണങ്ങാനം, മുരുകൻമല തുടങ്ങിയവ ജില്ലയിലെ മതമൈത്രി കേന്ദ്രങ്ങളാണ്.

പ്രമുഖരുടെ നിര

മുൻ രാഷ്ട്രപതി കെ. ആർ. നാരായണൻ, മുൻസുപ്രീകോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ, മുൻ മുഖ്യമന്ത്രിമാരായ പി.കെ.വാസുദേവൻനായർ, ഉമ്മൻചാണ്ടി, ഏറ്റുവും കൂടൂതൽ കാലം മന്ത്രിയായിരുന്ന കെ.എം.മാണി, എഴുത്തുകാരായ അരുന്ധതി റോയി, ബഷീർ, മുട്ടത്തുവർക്കി, പൊൻകുന്നം വർക്കി, അഭയദേവ്, കാരൂർ, കാനം, ലളിതാംബിക അന്തർജ്ജനം, പാലാ നാരായണൻ നായർ, എൻ. എൻ പിള്ല, കോട്ടയം പുഷ്പനാഥ് അങ്ങനെ കോട്ടയത്ത് നിന്ന് പ്രമുഖരുടെ നിര നീളുകയാണ്. മമ്മൂട്ടി, മിസ് കുമാരി, ആദ്യനായിക കമലം, എസ്.പി പിള്ല, സംവിധായകൻ അരവിന്ദൻ, ജോൺ എബ്രഹാം, ശശികുമാർ, ജയരാജ് തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖരുടെ ലിസ്റ്റും നീളുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *