കോട്ടയം: ഇറഞ്ഞാൽ എലിപ്പുലിക്കാട്ട് പാലത്തിനു സമീപം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി ജോയേൽ വില്യംസ് (21) ആണ് മരിച്ചത്. ബാംഗളൂരുവിലെ ഫിസിയോതെറാപ്പി വിദ്യാർത്ഥിയാണ്.
പ്രദേശത്ത് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ് ജോയേൽ വില്യംസ്. രണ്ടു യുവാക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. കുളി കഴിഞ്ഞ് കയറിയ ശേഷം ജോയേൽ വില്യംസ് വീണ്ടും വെള്ളത്തിൽ ഇറങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
തുടർന്ന്, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബഹളം വച്ചതോടെ ഇതുവഴി പോകുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് , അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം ഈസ്റ്റ് പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് 12.45 ഓടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.
