കാസർകോട് നെല്ലിക്കുന്ന് തീരത്ത് തലയില്ലാത്ത നിലയിൽ കണ്ടെത്തിയ പുരുഷന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് അന്വേഷണം നിർണായക വഴിത്തിരിവിലേക്ക്. മൃതദേഹം മുൻപ് മറ്റെവിടെയോ പോസ്റ്റ്‌മോർട്ടം നടത്തിയതാണെന്ന് വിദഗ്ധ പരിശോധനയിൽ സ്ഥിരീകരിച്ചതോടെ സംഭവത്തിൽ ദുരൂഹത വർധിച്ചു.
മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയ മൃതദേഹത്തിന്റെ നെഞ്ചിലും വയറിലും ഉണ്ടായിരുന്ന വലിയ മുറിവുകൾ ആദ്യം ആക്രമണത്തിന്റെ ഭാഗമാണെന്നായിരുന്നു സംശയം. എന്നാൽ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ വിശദമായ പോസ്റ്റ്‌മോർട്ടത്തിൽ അവ മുൻപ് നടത്തിയ പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായുള്ള ശസ്ത്രക്രിയാ മുറിവുകളാണെന്ന് വ്യക്തമായി.


ഒരു മാസത്തിലേറെ പഴക്കമുള്ള മൃതദേഹം പൂർണമായും അഴുകിയ നിലയിലാണ് കണ്ടെത്തിയത്. തലയും കൈപ്പത്തികളും വേർപെട്ട നിലയിലായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, ഈ പോസ്റ്റ്‌മോർട്ടം കേരളത്തിൽ നടത്തിയതാകാൻ സാധ്യത കുറവാണെന്നും കർണാടകയിലോ ഗോവയിലോ നിന്ന് കടലിലൂടെ ഒഴുകിയെത്തിയതാകാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.


മൃതദേഹത്തിന്റെ തിരിച്ചറിയൽ ഇതുവരെ സാധ്യമായിട്ടില്ല. ഇതിനായി കർണാടക ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിലെ കാണാതായവരുടെ വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഫലം ലഭിക്കുന്നതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്നും കാസർകോട് ടൗൺ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *