ദുബൈ: വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, കോണ്‍സുലര്‍ സേവനങ്ങള്‍ക്കായുള്ള പുതിയ കരാര്‍ നടപടികള്‍ ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ‘അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്’ കരാര്‍ നല്‍കിയ നടപടിയാണ് കോടതി റദ്ദാക്കിയത്. യുഎഇ, കുവൈത്ത്, സിങ്കപ്പുര്‍, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ പുതിയ കരാറുകള്‍ക്ക് തീരുമാനം ബാധകമാണ്. ടെന്‍ഡര്‍ നടപടികള്‍ സുതാര്യമല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഇതോടെ, അല്‍ ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സിന് യുഎഇയില്‍ സേവനം തുടങ്ങാനാകില്ല.ടെന്‍ഡര്‍ നടപടികളിലെ സാങ്കേതിക മൂല്യനിര്‍ണയ ഘട്ടത്തില്‍ അയോഗ്യരാക്കപ്പെട്ട രണ്ട് കമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. പങ്കെടുത്ത കമ്പനികള്‍ക്ക് മാര്‍ക്ക് നല്‍കിയതിന്റെ കൃത്യമായ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി.

പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ മുന്‍പ് ഈ സേവനങ്ങള്‍ നല്‍കിയിരുന്ന ‘ബിഎല്‍എസ് ഇന്റര്‍നാഷനല്‍’ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടരും. കരാര്‍ ലഭിച്ച അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ജൂലൈ ഒന്നിന് യുഎഇയില്‍ പുതിയ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കോടതിയിലെ കേസിനെ തുടര്‍ന്ന് ഇത് തടസ്സപ്പെടുകയും എംബസിയും കോണ്‍സുലേറ്റും നേരിട്ട് ഈ സേവനങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു.ഒരു മാസത്തിനുള്ളില്‍ പുതിയ അപേക്ഷകള്‍ ക്ഷണിച്ച് നടപടി പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ സംവിധാനം വരുന്നതുവരെ ബിഎല്‍എസിന് സേവനം തുടരാം.

Leave a Reply

Your email address will not be published. Required fields are marked *