മുളന്തുരുത്തി: സൗഹൃദ സന്ദര്‍ശനത്തിനെത്തിയ എല്‍ഡിഎഫ് കോട്ടയം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് ഊഷ്മളമായ സ്വീകരണം. രാവിലെ 10 മണിയോടെ മുളന്തുരുത്തിയിലെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രദേശത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രവര്‍ത്തകര്‍ സ്വീകരിച്ചു. തുടര്‍ന്ന് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി വോട്ടഭ്യര്‍ത്ഥിച്ചു.


തുടര്‍ന്ന് തിരുവാങ്കുളം റോഡിലേക്ക് തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ്‌ഷോ നടന്നു. നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു റോഡ്‌ഷോ. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടര്‍മാരെ ഓര്‍മ്മപ്പെടുത്തി ചെറിയ പ്രസംഗം. മുളന്തുരുത്തി റെയില്‍വേ മേല്‍പ്പാലമടക്കമുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനായതിന്റെ ചാരിതാര്‍ത്ഥ്യവും സ്ഥാനാര്‍ത്ഥി പങ്കുവച്ചു. പിന്നീട് തിരുവാങ്കുളത്തെ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിലെത്തിയ സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പ്രവര്‍ത്തകരുമായി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി ചര്‍ച്ച ചെയ്തു.

നേതാക്കളായ പി.ഡി. രമേശന്‍, ജോണ്‍സ് പാര്‍പ്പാട്ടില്‍,ജിബി എലിയാസ്, പി വി ദുര്‍ഗപ്രസാദ, ടോമി വര്‍ഗീസ് ,കെ എം ജോര്‍ജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

