കാഞ്ഞിരപ്പള്ളി: പാലാ കൊല്ലപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ നടന്ന മോഷണ കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി പാറക്കടവ് മുഞ്ഞനാട്ടുപറമ്പിൽ മുഹമ്മദ് ആഷിക് (22) ആണ് അറസ്റ്റിലായത്.

കൊല്ലപ്പള്ളിയിലെ കാരിക്കവയലിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ ഫാംഹൗസിലും ഓഫീസിലുമായി നടന്ന മോഷണത്തിലാണ് അറസ്റ്റ്. ഏപ്രിൽ 9 രാത്രി 10 മണി മുതൽ 10-ാം തീയതി രാവിലെ 6 മണിവരെയുള്ള സമയത്തിനിടെയാണ് മോഷണം നടന്നതെന്ന് പോലീസ് അറിയിച്ചു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C6F2nHPeZGuKXDJ50XOHv6?s=cl&p=a&mlu=3

ഫാംഹൗസിൽ അതിക്രമിച്ച് കയറിയ പ്രതികൾ ജീവനക്കാരൻ ഉറങ്ങിക്കിടന്ന സ്ഥലത്ത് നിന്ന് 3,000 രൂപയും മൊബൈൽ ഫോണും കവർന്നു. തുടർന്ന് ഓഫീസ് മുറിയിൽ സൂക്ഷിച്ചിരുന്ന കമ്പനി രജിസ്ട്രേഷൻ രേഖകൾ, മറ്റ് പ്രധാന രേഖകൾ, താക്കോൽക്കൂട്ടം എന്നിവ കൈക്കലാക്കിയശേഷം കമ്പനി കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഏകദേശം 1.30 ലക്ഷം രൂപ വിലമതിക്കുന്ന ലോഡ് ഓട്ടോറിക്ഷയും ഒരു ലക്ഷം രൂപ വിലവരുന്ന സ്കൂട്ടറും മോഷ്ടിച്ചതായാണ് എഫ്.ഐ.ആറിൽ പറയുന്നത്. ആകെ 2.41 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

സംഭവത്തിൽ മേലുകാവ് പോലീസ് ബി.എൻ.എസ്. 331(4), 305, 3(5) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ആഷിക്കിനെ അറസ്റ്റ് ചെയ്തതായും മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *