കാഞ്ഞിരപ്പള്ളി: പതിറ്റാണ്ടുകളായി കാഞ്ഞിരപ്പള്ളിയിൽ കൂലിപ്പണി ചെയ്ത് ജീവിതം നയിച്ചിരുന്ന ശിവ എന്നറിയപ്പെട്ടിരുന്ന ജീവ (ചെന്നൈ പോളൂർ സ്വദേശി) ഇന്ന് രാവിലെ നാട്ടിൽ വച്ച് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C6F2nHPeZGuKXDJ50XOHv6?s=cl&p=a&mlu=3

ഏകദേശം 35 വർഷങ്ങൾക്ക് മുമ്പ് കാഞ്ഞിരപ്പള്ളിയിലെത്തിയ ശിവ, കോൺഗ്രസ് നേതാവ് കെ.പി. ഷൗക്കത്തിന്റെ വസതിയിൽ ജോലിക്കെത്തിയതോടെയാണ് നാട്ടുകാർക്ക് സുപരിചിതനായത്. പിന്നീട് കാഞ്ഞിരപ്പള്ളിയുടെ ഭാഗമായി മാറിയ അദ്ദേഹം ഏതൊരു ആഘോഷത്തിന്റെയും പൊതുപരിപാടിയുടെയും സാമൂഹിക പ്രവർത്തനങ്ങളുടെയും ഭാഗമായി നിറഞ്ഞ പുഞ്ചിരിയോടെ മുന്നിലുണ്ടാകുമായിരുന്നു.


സഹായം ആവശ്യപ്പെട്ട് ആരെങ്കിലും വിളിച്ചാൽ മടികൂടാതെ ഓടിയെത്തുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനും എല്ലാവർക്കും സുപരിചിതനുമായിരുന്നു. അന്യനാട്ടിൽ നിന്നെത്തിയ തൊഴിലാളി എന്നതിലുപരി കാഞ്ഞിരപ്പള്ളിയുടെ സ്വന്തം മനുഷ്യനായി മാറിയ വ്യക്തിയായിരുന്നു ശിവ.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങേണ്ടി വന്നപ്പോൾ കാഞ്ഞിരപ്പള്ളിയിലെ യുവാക്കളുടെ കൂട്ടായ്മയായ സ്പാരോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായത്തിനായി പണം സമാഹരിച്ച് അദ്ദേഹത്തെ നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണം അദ്ദേഹത്തെ കീഴടക്കി. ശിവയുടെ വിയോഗവാർത്ത കാഞ്ഞിരപ്പള്ളിക്കാർക്ക് വലിയ വേദനയാണ് സമ്മാനിച്ചിരിക്കുന്നത്. എന്നും പുഞ്ചിരിയോടെ എല്ലാവരെയും സ്വീകരിച്ചിരുന്ന ആ മുഖം ഇനി ഓർമ്മകളിൽ മാത്രമായി.


