തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി കട്ടിലിൽ നിന്ന് താഴെ വീണ് മരിച്ചു. പടപ്പക്കര ലെനിൻ ഭവനത്തിൽ വിൽഫ്രഡ് (62) ആണ് മരിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിൽഫ്രഡിൻ്റെ മകൻ ലെനിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എസ് അനിൽകുമാറാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ മെയ് 25 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അഞ്ചാം വാർഡിൽ 17-ാം നമ്പർ ബെഡിൽ ചികിത്സയിലായിരുന്നു വിൽഫ്രഡ്. മെയ് 30-ന് വൈകുന്നേരം 5:30-യോടെയാണ് അദ്ദേഹം തറയിൽ കമിഴ്ന്നു വീണത്. ഡോക്ടർമാർ പരിശോധിച്ച ശേഷം നില ഗുരുതരമായതിനാൽ ഉടൻ തന്നെ ഐസിയുവിലേക്ക് മാറ്റി. എന്നാൽ ഒരു മണിക്കൂറിനകം വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ലെനിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 194 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ലെനിൻ നേരിട്ട് സ്റ്റേഷനിൽ ഹാജരായി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.


