വൈദ്യുതി ക്ഷാമം കുറയ്ക്കാൻ നീക്കം; 200 മെഗാവാട്ട് വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ 200 മെഗാവാട്ട് വൈദ്യുതി സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് വാങ്ങാൻ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 25 വർഷത്തേക്കുള്ള കരാറിലാണ് ഇരുവരും ഒപ്പുവെക്കുക. വൈകുന്നേരങ്ങളിൽ വൈദ്യുതിയുടെ ഉയർന്ന ഉപയോഗ സമയത്ത് അനുഭവപ്പെടുന്ന കടുത്ത ക്ഷാമം പരിഹരിക്കാൻ പുതിയ കരാർ സഹായകരമാകും എന്നാണ് വിലയിരുത്തൽ.കേരളത്തിന് യൂണിറ്റിന് 2.93 രൂപ എന്ന താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാകും. വെൽസ്പൺ റിനീവബിൾ എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് യൂണിറ്റിന് ഏഴ് പൈസ ട്രേഡിങ് മാർജിൻ ചേർത്താണ് സെക്കി(SECI) കെഎസ്ഇബിക്ക് കൈമാറുക.സംസ്ഥാനത്ത് നടന്ന പൊതുതെളിവെടുപ്പിനിടെ, ആവശ്യമെങ്കിൽ 500 മെഗാവാട്ട് വരെ വൈദ്യുതി നൽകാൻ കഴിയുമെന്ന് സെക്കി (SECI) വൈദ്യുതി റഗുലേറ്ററി കമ്മീഷനെ അറിയിച്ചിരുന്നു.

എന്നാൽ ഈ നിർദേശത്തോട് കെഎസ്ഇബി ഇതുവരെ അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടില്ല.ഇതിനുപുറമെ, അടുത്ത വർഷം ജനുവരി മുതൽ 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങുന്നതിനുള്ള ടെൻഡർ വ്യവസ്ഥകളിൽ ഭേദഗതി വരുത്തണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *