തൃശൂർ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ യാതൊരുവിധ മരുന്ന് ക്ഷാമവുമില്ലെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിൽ 657 ഇനം ജീവൻരക്ഷാ മരുന്നുകൾ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചിലരുടെ അസൂയക്കും കഷണ്ടിക്കും മാത്രമാണ് നിലവിൽ മരുന്നില്ലാത്തതെന്നും ബ്ലാക്ക് സ്റ്റോൺ ഏജന്റുമാരെപ്പോലെയാണ് ചില ആളുകൾ ആരോഗ്യ മേഖലയ്ക്കെതിരെ കുപ്രചാരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ സ്പോൺസേർഡ് വിമാനയാത്ര സംബന്ധിച്ച വിവാദങ്ങളിലും മന്ത്രി പ്രതികരിച്ചു. കാലം മാറുന്നതിനനുസരിച്ച് മുഖ്യമന്ത്രിമാരുടെ ഔദ്യോഗിക യാത്രാരീതികളിലും മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പഴയ കരിവണ്ടികൾ മാറി നാട്ടിൽ വന്ദേഭാരത് ട്രെയിനുകൾ വന്നതുപോലെയുള്ള മാറ്റമാണിത്. മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയനും ഇതേ കമ്പനിയുടെ വിമാനം ഉപയോഗിച്ചിട്ടുണ്ട്. യാത്ര സ്പോൺസർ ചെയ്തത് ആരാണെന്ന കാര്യം മാധ്യമങ്ങൾക്ക് നന്നായി അറിയാമെന്നും മുഖ്യമന്ത്രി തന്നെ അത് കൃത്യസമയത്ത് വെളിപ്പെടുത്തിക്കൊള്ളുമെന്നും മുരളീധരൻ പറഞ്ഞു. അതേസമയം തനിക്ക് ഇപ്പോൾ അത്തരമൊരു സ്വകാര്യ വിമാനയാത്ര നടത്തേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്വർണ്ണക്കിരീടം കാണാനില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചും മന്ത്രി നിലപാട് വ്യക്തമാക്കി. തിരുവാഭരണത്തിന്റെ ഭാഗമായ സ്വർണ്ണക്കിരീടം സന്നിധാനത്ത് സുരക്ഷിതമായി തന്നെയുണ്ടെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുള്ളത്.

ശബരിമലയിലെ സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിച്ച് വിലയിരുത്തുന്നതിനായി എഡിഎമ്മിനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സന്നിധാനത്തെത്തി പരിശോധനകൾ പൂർത്തിയാക്കി സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. എഡിഎമ്മിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ചകളുണ്ടെങ്കിൽ കർശനമായ നടപടികൾ സ്വീകരിക്കും. മുറുക്കിപ്പിടിക്കേണ്ട കാര്യങ്ങളെ മുറുക്കിപ്പിടിച്ചുതന്നെ മുന്നോട്ടുപോകുമെന്നും ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി തനിക്ക് പ്രത്യേക നിർദ്ദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *