20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ. രംഗത്ത്. പിറവം പാഴൂർ കോട്ടപ്പുറത്ത് വീട്ടിൽ റിട്ട. എ.എസ്.ഐ. കെ.കെ. സജിമോനാണ് ടിക്കറ്റ് നഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് പോലീസിനെയും കോടതിയെയും സമീപിച്ചത്.

ബമ്പർ നറുക്കെടുപ്പ് ജനുവരി 24 നായിരുന്നു. XC 138455 നമ്പർ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. പോലീസിൽനിന്ന് പിരിഞ്ഞ ശേഷം ട്രാവലർ സർവീസ് നടത്തുകയാണ് സജിമോൻ. സജിമോന്റെ വണ്ടിയിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ വണ്ടിയിൽ നെയ്‌പാത്രം മറന്നുവെച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം, നെയ്‌പാത്രം കൂറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി.

പിറവത്തെ കൂറിയർ സ്ഥാപനത്തിൽനിന്ന് ജനുവരി 30 നാണ് പാത്രം കൂറിയർ ചെയ്തത്. പാത്രത്തിനടിയിൽ ലോട്ടറി ടിക്കറ്റ് സൂക്ഷിച്ച കാര്യം ഓർമ്മിച്ച സജിമോൻ ഫെബ്രുവരി ഒന്നിന് വൈകീട്ട് കൂറിയർ സ്ഥാപനവുമായി ബന്ധപ്പെട്ട് പാത്രം തിരികെ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. ഫെബ്രുവരി നാലിന് വിശാഖപട്ടണത്ത് ഉടമയ്ക്ക് നെയ്‌പാത്രം ലഭിച്ചു.

ഡിസംബർ ഒന്നിന് മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പിള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന്റെ പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നുവെന്നും സജിമോൻ പറയുന്നു. സജിമോന്റെ പരാതിയെ തുടർന്ന് പിറവം പോലീസ് കൂറിയർ സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറ പരിശോധിക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ട് സജിമോൻ പിറവം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെയും സമീപിച്ചു.

ഇതേത്തുടർന്ന് നിരീക്ഷണ ക്യാമറയുടെ ഹാർഡ് ഡിസ്‌ക് പോലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി വകുപ്പുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. അതേസമയം, ബമ്പർ സമ്മാനമടിച്ചയാൾ ടിക്കറ്റ് തിരുവനന്തപുരത്ത് ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കിയതായി സൂചനയുണ്ട്.

