കൊച്ചി: സഹപ്രവർത്തകനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാനായി തയ്യാറാക്കിയ രഹസ്യപരാതി അബദ്ധത്തിൽ സ്വന്തം വാട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത പൊലീസുകാരൻ വിവാദത്തിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്കാണ് ഈ അബദ്ധം സംഭവിച്ചത്.കഴിഞ്ഞ ജനറൽ ട്രാൻസ്ഫറിന് ശേഷം വിവിധ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച് നിലവിൽ മൂവാറ്റുപുഴ ട്രാഫിക് സ്ക്വാഡിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെതിരെയായിരുന്നു പരാതി. പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പ്രവർത്തനം തകർക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ട്, അദ്ദേഹത്തെ അടിയന്തരമായി സ്ഥലംമാറ്റണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം.

എന്നാൽ, ഉന്നത ഉദ്യോഗസ്ഥർക്ക് അയയ്ക്കേണ്ടിയിരുന്ന പരാതി അബദ്ധത്തിൽ സ്വന്തം വാട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റാറ്റസ് കണ്ട സഹപ്രവർത്തകർ വിവരം അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥൻ പിഴവ് തിരിച്ചറിഞ്ഞത്. ഉടൻ സ്റ്റാറ്റസ് നീക്കം ചെയ്തെങ്കിലും അതിനുമുമ്പ് തന്നെ സ്ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.സംഭവം പൊലീസിനകത്തും പുറത്തും ചർച്ചയായതോടെ രഹസ്യമായി കൈകാര്യം ചെയ്യേണ്ട പരാതി പൊതുജനശ്രദ്ധയിൽപ്പെട്ടത് വലിയ നാണക്കേടായി. സംഭവത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടിക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *