കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരണപ്പെട്ട സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിക്കും ഡോക്ടർമാർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന്റെ തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം നിലച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസിൽ ചികിത്സാ പിഴവ് പറ്റിയിട്ടില്ലെന്ന ബേബി മെമ്മോറിയൽ ആശുപത്രി മാനേജ്മെന്റിന്റെ വാദമാണ് ഇതോടെ പൊളിഞ്ഞത്.
അപകടകരമായ രീതിയിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പയ്യന്നൂർ പൊലീസ് ഇതിനോടകം കേസെടുത്തിട്ടുണ്ട്.അനസ്തേഷ്യ ആവശ്യമില്ലായിരുന്നു; നേരിയ മുറിവ് മാത്രമെന്ന് റിപ്പോർട്ട്കുഞ്ഞിന് അനസ്തേഷ്യ നൽകേണ്ട യാതൊരുവിധ സാഹചര്യവും ഉണ്ടായിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൃത്യമായി വ്യക്തമാക്കുന്നുണ്ട്. കുഞ്ഞിന്റെ ചുണ്ടിൽ ഉണ്ടായിരുന്നത് വളരെ നേരിയ ഒരു മുറിവ് മാത്രമായിരുന്നു. കേവലം മൂന്ന് ദിവസത്തെ സാധാരണ പരിചരണം കൊണ്ട് തന്നെ തനിയെ ഉണങ്ങിപ്പോകാവുന്ന മുറിവായിരുന്നു ഇതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇത്തരം ചെറിയൊരു പരിക്കിനാണ് ആശുപത്രി അധികൃതർ അനാവശ്യമായി അനസ്തേഷ്യ നൽകി കുഞ്ഞിന്റെ ജീവൻ അപകടത്തിലാക്കിയത്.
മരണപ്പെട്ട ദേവാൻഷ് ശൗര്യയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ തിങ്കളാഴ്ച സന്ദർശനം നടത്തി. കുട്ടിയുടെ പിതാവ് സൂരജ്, മാതാവ് വിജിഷ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരുമായി കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറും അംഗങ്ങളും നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചു.ആശുപത്രിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ കുറ്റകൃത്യവും കുറ്റകരമായ അനാസ്ഥയും അലംഭാവവും ഉണ്ടായിട്ടുണ്ടെന്നാണ് കുട്ടിയുടെ രക്ഷിതാക്കളോട് സംസാരിച്ചതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
il

