കൊച്ചി: എറണാകുളം പറവൂരിൽ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർക്ക് പിന്തുണയുമായി ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്. കണ്ടക്ടർ നിരപരാധിയാണെന്നും സാക്ഷികൾ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്. സർക്കാർ ചെയ്തത് എളുപ്പം എടുക്കാൻ പറ്റുന്ന നടപടിയാണ് എന്നാണ് കുറ്റപ്പെടുത്തൽ. മുടി പറ്റെ വെട്ടാനും, ജെൻഡർ ന്യൂട്രൽ വേഷം ധരിക്കാനും എല്ലാവർക്കും അവകാശമുള്ള കേരളത്തിൽ സർക്കാർ ഒരു കാര്യം ചെയ്യണം. യാത്രാനുകൂല്യമുള്ള യാത്രക്കാരുടെ തിരിച്ചറിയൽ കാർഡ്, ആവശ്യമെങ്കിൽ പരിശോധിക്കാനുള്ള അനുവാദം കെഎസ്ആർടിസി കണ്ടക്ടർമാർക്ക് നൽകണമെന്നും ഷെറിൻ ആവശ്യപ്പെട്ടു.
സംഭവം ഇങ്ങനെ
യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർത്ഥിനിയോട് മോശമായി പെരുമാറുകയും അപമാനിക്കുകയും ചെയ്തെന്ന കെഎസ്ആർടിസി കണ്ടക്ടര്ക്കെതിരായ പരാതിയിലാണ് നടപടി വന്നത്. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ശനിയാഴ്ച യാത്രയ്ക്കിടെ വിദ്യാർത്ഥിനി സീറോ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയില്ലെന്ന് കണ്ടക്ടർ പറയുകയായിരുന്നു. തുടർന്ന് “പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ല” എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ അപമര്യാദയായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. യാത്രക്കാരിൽ ചിലരും തങ്ങളോട് മോശമായി പെരുമാറിയെന്ന് പരാതിയിൽ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പരാതിക്കാരിയെയും കണ്ടക്ടറെയും പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
പറവൂർ പൊലീസിൽ ലഭിച്ച പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തുകയും തുടർന്ന് സിഎംഡിയുടെ നിർദ്ദേശപ്രകാരം സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തു.

