ചങ്ങനാശേരി: ചങ്ങനാശേരിറെയിൽവേ സ്റ്റേഷനു സമീപം എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ എത്തിച്ച 12.5 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ചങ്ങനാശേരി സ്വദേശിയായ ഷാരോൺ നജീബി(44)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ അടക്കം പ്രതിയാണ് എന്നു എക്സൈസ് സംഘം അറിയിച്ചു. ഇന്നലെ രാത്രിയിലായിരുന്നു എക്സൈസ് സംഘത്തിൻ്റെ മിന്നൽ പരിശോധന. വൻ തോതിൽ കഞ്ചാവ് ട്രെയിൻ മാർഗം കടത്തിക്കൊണ്ടു വരുന്നതായി എക്സൈസ് കമ്മിഷണർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതേ തുടർന്ന് എക്സൈസ് സംഘം പ്രദേശത്ത് വലിയ തോതിൽ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് ഷാരോണിനെ സംശയാസ്പദമായ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനു സമീപം കണ്ടെത്തിയത്. വാറണ്ട് കേസിൽ അടക്കം പ്രതിയായ ഷാരോണിനെ കണ്ട് തിരിച്ചറിഞ്ഞ ചങ്ങനാശേരി എക്സൈസ് ഇൻസ്പെക്ടർ ടി.എസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയും, പരിശോധന നടത്തുകയും ചെയ്തു.

ഈ സമയത്താണ് ഇയാളുടെ കൈവശത്തുണ്ടായിരുന്ന ബാഗിൽ നിന്നും 12.5 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. തുടർന്ന്, ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് എന്നാണ് ലഭിക്കുന്ന സൂചന. പരിശോധനയ്ക്ക് അസി.എക്സൈസ് ഇൻസ്പെക്ടർ സുരേഷ് ടി.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര് സന്തോഷ്, പ്രിവന്റീവ് ഓഫിസർ ആന്റണി മാത്യു സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ് കെ.നാണു, പ്രവീൺ കുമാർ എ.ജി, ഷഫീഖ് വനിതാ സിവിൽ എക്സൈസ് ഓഫിസർ നിത്യാ മുരളി, പ്രിയ, ഡ്രൈവർ മനീഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

