കാഞ്ഞിരപ്പള്ളി: ബംഗളൂരുവിൽ നടന്ന ആറാമത് ബി.സി.എ.ഐ (BCAI) ദേശീയ ആംറെസ്‌ലിങ്ങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കാഞ്ഞിരപ്പള്ളി സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി. കാഞ്ഞിരപ്പള്ളി നെല്ലിമല പുതുപ്പറമ്പിൽ നിയാസ് – ഫൗസിയ ദമ്പതികളുടെ മകനായ മുഹമ്മദ് ഹെഷാം ആണ് ദേശീയ തലത്തിൽ വെള്ളി മെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയത്.

ബംഗളൂരു നെക്സസ് ശാന്തിനികേതൻ മാളിൽ വെച്ച് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ, ജൂനിയർ 70 കിലോഗ്രാം വിഭാഗം ലെഫ്റ്റ് ഹാൻഡ് (ഇടതുകൈ) മത്സരത്തിലാണ് കേരളത്തെ പ്രതിനിധീകരിച്ച് ഹെഷാം വെള്ളി മെഡൽ കരസ്ഥമാക്കിയത്. നേരത്തെ തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന ആംറെസ്‌ലിങ്ങ് ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഹെഷാം ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടിയത്.

സംസ്ഥാന തലത്തിൽ ലെഫ്റ്റ് ഹാൻഡിൽ (ഇടതുകൈ) സ്വർണ്ണ മെഡലും, റൈറ്റ് ഹാൻഡിൽ (വലതുകൈ) വെള്ളി മെഡലും ഈ യുവതാരം സ്വന്തമാക്കിയിരുന്നു. ദേശീയതലത്തിലെ ഈ മിന്നും പ്രകടനത്തോടെ ജപ്പാനിൽ വെച്ച് നടക്കാനിരിക്കുന്ന ലോക ആംറെസ്‌ലിങ്ങ് ചാമ്പ്യൻഷിപ്പിലേക്ക് (World Armwrestling Championship) മത്സരിക്കാനുള്ള അർഹതയും ഹെഷാം നേടിയിട്ടുണ്ട്. പഠനത്തോടൊപ്പം കായികരംഗത്തും കഠിനാധ്വാനത്തിലൂടെ മികച്ച വിജയം കൈവരിച്ച മുഹമ്മദ് ഹെഷാം ഇപ്പോൾ ലോകവേദിയിൽ രാജ്യത്തിനായി സ്വർണ്ണമെഡൽ നേടാനുള്ള ഒരുക്കത്തിലാണ്.


