ശബരിമലയിൽ പമ്പയിലെ ഇരുന്നൂറോളം ശുചിമുറികളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി. പോലീസ് മെസ്സിലേക്ക് ഉൾപ്പെടെയുള്ള ജലവിതരണമാണ് ഇതോടെ തടസ്സപ്പെട്ടത്. സംഭവത്തിന് പിന്നിൽ സംഘടിതമായ അട്ടിമറി ശ്രമമുണ്ടെന്നാണ് സംശയം. പമ്പയിലേക്ക് വെള്ളം കൊണ്ടുവരുന്ന പ്രധാന വാൽവുകൾ ആരോ അടച്ചിട്ടതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ശുചിമുറികളുടെ നടത്തിപ്പ് കരാർ നൽകുന്നത് ഒഴിവാക്കി ഇത്തവണ മുതൽ ദേവസ്വം ബോർഡ് ശുചിമുറികൾ തീർത്ഥാടകർക്കായി സൗജന്യമാക്കിയിരുന്നു.

ഇതിന്റെ വൈരാഗ്യത്തിലാണോ ജലവിതരണം തടസ്സപ്പെടുത്തിയതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. കൂടാതെ, വാൽവുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. നേരത്തെ ചിത്തിര ആട്ടവിശേഷത്തിനും സമാനമായ രീതിയിൽ ശുചിമുറികളിലേക്കുള്ള വെള്ളം തടസ്സപ്പെടുത്തിയിരുന്നു. അന്ന് ഒരു ദേവസ്വം ബോർഡ് ജീവനക്കാരനെ സ്വാധീനിച്ച് ചിലർ ജലവിതരണം തടസ്സപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും, തുടർന്ന് ഇയാളെ ദേവസ്വം ബോർഡ് സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed