തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുന്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറസ്റ്റില്‍. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് സനീഷ് ജോര്‍ജ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് സംഭവം. കൈയില്‍ നിന്നും രാസലഹരി കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ ആളില്ലാത്ത സ്ഥലത്തുവച്ച് ഇയാള്‍ ലഹരി ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് എത്തിയത്. അപ്പോഴെക്കും ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു. സ്ഥലത്ത് വച്ച് ലഹരി സിറിഞ്ച് ഉള്‍പ്പെടെ പൊലീസ് കണ്ടെത്തി. ഇയാള്‍ക്കൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.

നേരത്തെ കൈക്കൂലി കേസില്‍ പ്രതിയായതോടെ 2024ല്‍ തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. യുഡിഎഫ് വിമതനായി മത്സരിച്ച് ജയിച്ച സനീഷ് എല്‍ഡിഎഫ് പിന്തുണയിലാണ് ചെയര്‍മാനായത്. സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിലാണ് സനീഷ് ജോര്‍ജ് പ്രതിയായത്. കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ സനീഷിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. നേരത്തെ കഞ്ചാവ് കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസ് ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *