തൊടുപുഴ: തൊടുപുഴയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ വെച്ച് വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ച് തകർത്ത കേസിൽ, നൽകിയ ഉറപ്പുകൾ പാലിക്കാതെ സ്ഥാപന അധികൃതർ വഞ്ചിച്ചെന്ന പരാതിയുമായി ഇരയായ വിദ്യാർത്ഥിയുടെ കുടുംബം രംഗത്ത്. ഫീസായി മുൻകൂർ കൈപ്പറ്റിയ രണ്ട് ലക്ഷത്തോളം രൂപ തിരികെ നൽകാമെന്നും ചികിത്സാ ചെലവും അർഹമായ നഷ്ടപരിഹാരവും നൽകാമെന്നും ഉറപ്പുനൽകിയ ശേഷം മാനേജ്‌മെന്റ് പിന്മാറിയെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

അണക്കര സ്വദേശിയായ വിദ്യാർഥിക്കാണ് തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ വെച്ച് സഹപാഠികളിൽ നിന്ന് അതിക്രൂരമായ പീഡനം നേരിടേണ്ടി വന്നത്. ഹോസ്റ്റൽ മുറിയിൽ ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്ന വിവരം അധ്യാപകന്റെ നിർദ്ദേശപ്രകാരം കുട്ടി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് നൽകിയിരുന്നു. ഇതിലുള്ള വൈരാഗ്യവും പ്രതികാരവുമായിരുന്നു അക്രമത്തിന് പിന്നിൽ.

സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16-കാരൻ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. വിദ്യാർഥിക്ക് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐ ശക്തമായ സമരവുമായി രംഗത്തെത്തിയതോടെയാണ് മാനേജ്‌മെന്റ് ചർച്ചയ്ക്ക് തയ്യാറായത്. കഴിഞ്ഞ എട്ടാം തീയതി സിപിഎം ഓഫീസിൽ വെച്ച് സ്ഥാപന ഉടമകളെയും കുട്ടിയുടെ മാതാപിതാക്കളെയും വിളിച്ച് ഒത്തുതീർപ്പ് ചർച്ച നടത്തിയിരുന്നു.

അഡ്വാൻസ് ഫീസായി വാങ്ങിയ രണ്ട് ലക്ഷത്തോളം രൂപ ഉടൻ തിരികെ നൽകുമെന്നും നിലവിലെ ചികിത്സാ ചെലവുകൾ പൂർണ്ണമായി വഹിക്കുമെന്നും അർഹമായ നഷ്ടപരിഹാരം നൽകാമെന്നുമായിരുന്നു അന്ന് ഉണ്ടാക്കിയ ധാരണ. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു രൂപ പോലും നൽകാതെ മാനേജ്‌മെന്റ് വിദ്യാർത്ഥിയെയും രക്ഷിതാക്കളെയും കബളിപ്പിക്കുകയാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *