പഠിക്കാതെ വിട്ട പാഠങ്ങള്‍ പഠിക്കാന്‍ തയ്യാറാകാത്ത പിണറായി വിജയന്‍ ഇനി ഒരു പരീക്ഷയും ജയിക്കാന്‍ സാധ്യതയില്ലെന്ന് മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍. പാറപ്പുറത്തിന്റെ അരനാഴിക നേരത്തിലെ കുഞ്ഞേനാച്ചന്റെ അവസ്ഥയിലാണ് കാരണവരായ പിണറായിയെന്നും കറുപ്പിന്റെ മയക്കത്തില്‍ കാണേണ്ടതൊന്നും അദ്ദേഹം യഥാസമയം കാണുന്നില്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു, സമകാലികം മലയാളം വാരികയിലെ പ്രഥമദൃഷ്ട്യാ എന്ന തന്റെ കോളത്തിലാണ് സെബാസ്റ്റിയന്‍ പോളിന്റെ വിമര്‍ശനം.

അനിവാര്യമായ തകര്‍ച്ചയിലേക്ക് നീങ്ങുന്ന പാര്‍ട്ടിയില്‍ നിന്ന് മാനവും അഭിമാനവുമുള്ളവര്‍ വിട്ടുപോകുന്നത് കാരണവരെ തിരുത്താന്‍ കെല്‍പ് ഇല്ലാത്തതുകൊണ്ടാണ്. പാഴ്ശ്രമമാണെന്നറിഞ്ഞുകൊണ്ട് എന്തിനാണ് സമയം പാഴാക്കുന്നത്, പാര്‍ട്ടി നന്നായി തോറ്റുവെന്ന കാര്യത്തില്‍ പിണറായി വിജയനും എംവി ഗോവിന്ദനും ഒഴികെ ആര്‍ക്കും സംശയമുണ്ടാവില്ല. തോല്‍വിക്ക് കാരണവും ന്യായീകരണവും വേണം. അത് പരാജിതന്റെ അവകാശമാണ്. പരീക്ഷയില്‍ തോല്‍ക്കുന്ന വിദ്യാര്‍ഥി ഉത്തരത്തിലെ അപര്യാപ്തയല്ല, ചോദ്യത്തിലെ ന്യൂനതയാണ് തോല്‍വിക്ക് കാരണമായി കണ്ടെത്തുന്നത്. പൂനര്‍മൂല്യനിര്‍ണയം ഇല്ലാത്ത പരീക്ഷയാണ് തെരഞ്ഞെടുപ്പ് എന്നതിനാല്‍ തോറ്റവര്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കാതെ നിര്‍വാഹമില്ല.

അറിവില്ലാത്തവരെന്നല്ല, വഴിതെറ്റിപ്പോയവരെന്നാണ് പിണറായി തനിക്ക് രാഷ്ട്രീയമരണം വിധിച്ച ജനങ്ങളെ വിളിക്കുന്നത്. അവര്‍ ശത്രുവിന്റെ കൈയിലെ കോടാലിയായി. അത് തിരിച്ചറിഞ്ഞ് തെറ്റുതിരുത്തി അവര്‍ തിരിച്ചുവരണം. പ്രതിപക്ഷ നേതാവും സിപിഎം പൊളിറ്റ് ബ്യൂറോ അംഗവുമായ മുന്‍ മുഖ്യമന്ത്രി യുക്തിസഹമല്ലാതെ സംസാരിക്കുമ്പോള്‍ പാര്‍ട്ടിയെക്കുറിച്ച് ആശങ്കയുണ്ടാകുന്നു. മൂന്നാംവട്ടം പിണറായിയെ മുഖ്യമന്ത്രിയാകുന്നതിനുള്ള സിപിഎം പദ്ധതിയെ ആണ് ജനങ്ങള്‍ തകര്‍ത്തത്. കേരളത്തില്‍ മാത്രമല്ല,തമിഴ്‌നാട്ടിലും ബംഗാളിലും അതിനനുസൃതമായ നിലാപാട് ഉണ്ടായി. മൈക്കിന്റെ സാന്നിധ്യമറിയാതെ ചീത്തവാക്കുകള്‍ വിളിച്ചുപറയുന്ന ആള്‍ തന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചില്ല.

വീണ ജോര്‍ജിന്റെ പ്ലാറ്റ്‌ഫോമിലെ പ്രകടനംപോലും എല്‍ഡിഎഫിന് വോട്ട് നഷ്ടപ്പെടുത്തി. കലോത്സവവേദിയിലായിരുന്നെങ്കില്‍ ബെസ്റ്റ് ആക്ടര്‍ പ്രൈസിനുള്ള വക അതിലുണ്ടായിരുന്നു. പിണറായി വിജയന്‍ ബുദ്ധിമാനാണ്. പക്ഷേ കുരുട്ടുബുദ്ധി കാണിക്കുമ്പോള്‍ ജനം തിരിച്ചറിയുന്നുവെന്നതാണ് പ്രശ്‌നം. കെകെ ശൈലജയെ ഒതുക്കിയതിന്റെ പ്രതികരണം കണ്ണൂരില്‍ മാത്രമായി പരിമിതപ്പെട്ടില്ല. കേരളമൊട്ടുക്ക് പോളിങ് ബൂത്തുകളിലെത്തിയ വോട്ടര്‍മാര്‍ ടീച്ചറേയും ടീച്ചറോട് ചെയ്തതിനെയും ഓര്‍ത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *