കാഞ്ഞിരപ്പള്ളി: പ്രകൃതിക്ഷോഭങ്ങളിൽ വിളകൾക്കുണ്ടായ കൃഷിനാശത്തിനുള്ള നഷ്ടപരിഹാരത്തുക ഉടൻ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു.

കൃഷിനാശത്തിനുള്ള നഷ്ടപരിഹാരമായി 2021 ഒക്ടോബർ 16 മുതലുള്ള തുക നൽകാനുണ്ട്. ഈയിനത്തിൽ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി പ്രകാരം കർഷകർക്ക് 32 കോടിയിലധികം രൂപയും നഷ്ടപരിഹാരമായി നൽകാനുണ്ട്. 2026 മേയ് 4ന് ശേഷമുള്ള തുകയാണിത്. രണ്ട് പദ്ധതികളിലുമായി 122 കോടിയിലധികം രൂപയാണ് കർഷകർക്ക് നൽകാനുള്ളത്.

നെൽസംഭരണവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ഭീമമായ കുടിശ്ശിക തുക കൊടുത്തുതീർത്തുവരികയാണെന്നും മന്ത്രി പറഞ്ഞു. വന്യജീവി ശല്യത്തിന് ശാശ്വതപരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീറിന്റെ നേതൃത്വത്തിൽ ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി സമർപ്പിച്ച നിവേദനം പരിഗണിച്ചാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഫാർമേഴ്സ് സൊസൈറ്റി രക്ഷാധികാരി ജോളി മടുക്കക്കുഴി, സെക്രട്ടറി റെജി പടിഞ്ഞാറേമുറി, ട്രഷറർ മനോജ് കപ്പലുമാക്കൽ, കാഞ്ഞിരപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, ജോസ് ജോർജ് താഴത്തുതകടിയേൽ, ബിജു ചക്കാല എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *