തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പി.ടി.പി. ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാനാണ് മരിച്ചത്.

ഞായറാഴ്ച വൈകുന്നേരം തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപത്തെ തോട്ടിലാണ് അപകടമുണ്ടായത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി എത്തിയ കുട്ടി കാൽവഴുതി തോട്ടിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു.

സംഭവത്തെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

