ഇടുക്കി: ചിന്നക്കനാലിൽ വന്യജീവി ആക്രമണങ്ങൾ തുടരുന്നതിനിടെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയായ ചക്കക്കൊമ്പൻ വീണ്ടും ഭീതി പരത്തി സിങ്കുകണ്ടം സ്വദേശിയായ മുരുകന്റെ വീടാണ് ഞായറാഴ്ച രാത്രി ആക്രമിച്ചത്. വീടിന്റെ മുൻവശവും മുൻവാതിലും പൂർണമായും തകർത്ത ആന വലിയ നാശനഷ്ടമാണ് വരുത്തിയത്.

ആക്രമണം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചക്കക്കൊമ്പൻ പ്രദേശത്ത് നിരന്തരം ഇറങ്ങുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെ രാത്രികാലങ്ങളിൽ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ കഴിയുന്നത്.

കാട്ടാനകളെ ജനവാസ മേഖലകളിൽ നിന്ന് സ്ഥിരമായി അകറ്റാൻ വനംവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പടക്കം പൊട്ടിച്ച് താൽക്കാലികമായി ആനയെ ഓടിക്കുന്നതല്ലാതെ ശാശ്വത പരിഹാരത്തിനായുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

വന്യജീവി-മനുഷ്യ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, കൃഷിനാശത്തിനും വീടുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും സമയബന്ധിതമായ നഷ്ടപരിഹാരം നൽകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *